തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന സാന്ത്വന ഫണ്ടിൽ ഗുരുതര ക്രമക്കേടുണ്ടായെന്നും നിയമസഭയിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചാണ് മറുപടി നൽകിയതെന്നും കാണിച്ച് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് കെ.സി.ജോസഫ് നോട്ടീസ് നൽകി.
2017 മാർച്ച് 7ന് വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിന്, ജനസാന്ത്വന ഫണ്ടിലേക്ക് രണ്ട് കോടി ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപ പിരിഞ്ഞു കിട്ടിയെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 3,48,650 പേർ അപേക്ഷച്ചെങ്കിലും ഒരാൾക്കുപോലും സഹായം നൽകിയതായി അറിയില്ല. 2019 ഫെബ്രുവരി 6ന് കെ.സി.ജോസഫിന് നൽകിയ മറുപടിയിൽ ഫണ്ടിലേക്ക് പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ ലഭിച്ച സംഭാവനയിൽ ബാക്കിത്തുക എവിടെപ്പോയെന്ന കാര്യം മുഖ്യമന്ത്രി ബോധപൂർവ്വം മറച്ചുവച്ചു. ഇത് സഭയുടെയും സഭാംഗങ്ങളുടെയും അവകാശത്തിന്മേലുള്ള കടന്നുകയറ്റവും സഭാംഗങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവുമാണ്. നിയമസഭാ ചട്ടം 159 പ്രകാരം മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.