piles

പരസ്യമായി ചർച്ച ചെയ്യുന്നതിനും വിവരങ്ങൾ അന്വേഷിച്ച് മനസിലാക്കുന്നതിനും രോഗികൾ മടിക്കുന്ന രോഗമാണ് അർശസ്. എന്നാൽ, വളരെയധികം ആളുകൾ ഈ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്ന് അറിയാൻ രഹസ്യമായും ഡോക്ടറോട് നേരിട്ട് പറയുകയോ ചികിത്സ സ്വീകരിക്കുകയോ ചെയ്യാതെ ആരെങ്കിലും പറയുന്ന അനുഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നവരുമാണ് അവരിൽ പലരും.

അർശസ് എന്ന രോഗം ഗർഭാവസ്ഥ, കരൾ രോഗങ്ങൾ, പൊണ്ണത്തടി എന്നിങ്ങനെ ചില സാഹചര്യങ്ങളാൽ ഉണ്ടാകാമെങ്കിലും വളരെ വർഷങ്ങളെടുത്ത് സംഭവിക്കുകയാണ് സാധാരണ ചെയ്യുത്. പ്രയാസം ഏറെയുള്ള അവസ്ഥയിലുള്ളതിനേക്കാൾ ബ്ലീഡിംഗ് അഥവാ രക്തസ്രാവം കൂടെയുള്ള അർശസിനെയാണ് എല്ലാവരും ഭയത്തോടെ കാണുന്നത്. ആ ഭയം നല്ലതുമാണ്. കാരണം,​ രക്തസ്രാവം അർശസ് എന്ന രോഗം കൊണ്ടുള്ളതാണോ അതോ ഗുരുതരമായ മറ്റേതെങ്കിലും അസുഖം കാരണമാണോ എന്ന് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ,​ രക്തം അധികമായി പോകുന്നത് കാണുന്നതിലുള്ള ഭയം മാത്രമാണ് ചിലർക്കുള്ളത്.​ ഗുദമാർഗ്ഗേണ സ്രവിക്കുന്ന രക്തം അർശസ് എന്ന രോഗമുള്ളവർക്ക് മാത്രമാണെന്ന് കരുതുന്നവരും കുറവല്ല.

അർശസിനേക്കാൾ ഗുരുതരമായ കരൾ രോഗങ്ങൾ, പാൻക്രിയാറ്റൈറ്റിസ്, ആന്തരിക രക്തസ്രാവം, കാൻസർ, അൾസർ, ക്ഷതങ്ങൾ എന്നിവയിലുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് രക്തസ്രാവമാണെന്ന് മനസ്സിലാക്കുക. ഇവയുടെ വ്യത്യാസം മനസിലാക്കാനും മറ്റേതെങ്കിലും രോഗമാണോയെന്ന സംശയം ദൂരീകരിക്കാനും ചികിത്സിക്കാനും അർഹരായ ഡോക്ടർമാരോട് വിവരങ്ങൾ പങ്കു വയ്ക്കുക എന്നതാണ് പോംവഴി.

രക്തസ്രാവം കാരണം ഹീമോഗ്ലോബിൻ ലെവലിൽ ഉണ്ടാകുന്ന കുറവിനും അതുകാരണം സംഭവിക്കാവുന്ന അത്യാഹിതങ്ങൾക്കും പ്രാധാന്യമുണ്ട്.

അർശസിന്റെ ആദ്യഘട്ടത്തിലും വല്ലപ്പോഴും അസുഖം വർദ്ധിക്കുന്ന രീതി ഉള്ളവരിലും ഭക്ഷണത്തിലെ വ്യത്യാസം കൊണ്ടുണ്ടാകുന്ന മലബന്ധം കാരണം ഗുദമാർഗ്ഗത്തിൽ ഉണ്ടാകുന്ന ഉരച്ചിലുകൾകൊണ്ടും രക്തസ്രാവം ഉണ്ടാകാം.

ചികിത്സയ്ക്ക് മുമ്പ് എന്താണ് യഥാർത്ഥ അസുഖമെന്നും ഇപ്പോൾ ഏത് അവസ്ഥയിലാണെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

എന്നാൽ​ ഇത്തരം അവസ്ഥകളിൽ ഗുരുതരമായ രോഗങ്ങളാണോ എന്ന കാര്യം അന്വേഷിക്കുന്നില്ലെന്ന് മാത്രമല്ല,​ രോഗം അർശസ് ആണോ ഫിസ്റ്റുലയാണോ ഫിഷർ ആണോ അതോ പൈലോനിഡൽ സൈനസ് ആണോ എന്നുപോലും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

രോഗത്തെ നിസാരവൽക്കരിക്കാനും ശരിയായ ചികിത്സ ലഭിക്കാതിരിക്കാനും ഇത് കാരണമാകുന്നു. രക്തസ്രാവം കുറയുമ്പോൾ ചികിത്സ നിർത്തുന്നവരുമുണ്ട്.

അർശസിന്റെ പ്രാരംഭദശയിൽ തന്നെ ഗ്യാസ്, ചിലതരം ആഹാരങ്ങൾ ഉണ്ടാക്കുന്ന ദഹന പ്രശ്നങ്ങൾ, മലബന്ധം, കോഴിമുട്ടയോ കോഴിയിറച്ചിയോ മസാലയടങ്ങിയതോ അധികമായി എരിവുള്ളതോ കഴിക്കുമ്പോൾ ഇവ വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കൂടി ഉണ്ടാകുന്നു.

രക്തസ്രാവമുള്ളവർ നിർബന്ധമായും രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിംഗ്, റെക്ടോസ്കോപ്പി തുടങ്ങിയ പരിശോധനകൾ നടത്തി യഥാർത്ഥ രോഗം കണ്ടെത്തേണ്ടതാണ്.

അർശസിന്റെ അടുത്ത ഘട്ടത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന രക്തസ്രാവവും മലശോധനയെ തുടർന്ന് വിരലുകൾ പോലെ തോന്നിക്കുന്ന ചെറിയ മാംസഭാഗങ്ങൾ സ്പർശിക്കാൻ സാധിക്കുകയും എന്നാൽ അല്പസമയത്തിന് ശേഷം അവ സ്വയം ഉള്ളിലേക്ക് വലിയുകയും ചെയ്യുന്ന ലക്ഷണങ്ങൾ കാണാം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒന്നിൽ കൂടുതൽ മാംസപിണ്ഡങ്ങളും കണ്ടേക്കാം. ഈ അവസ്ഥയിൽ രക്തസ്രാവം കുറവായിരിക്കുന്നതിനാൽ അർശസ് എന്ന രോഗം കുറഞ്ഞു എന്നാണ് പലരും വിചാരിക്കുന്നത്. യഥാർത്ഥത്തിൽ രോഗം കൂടുതൽ വർദ്ധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കണം.

രോഗം വീണ്ടും വർദ്ധിക്കുന്നതിനനുസരിച്ച് മാംസഭാഗം കൂടുതൽ വലുതാകുകയോ ക്രമേണ മലദ്വാരത്തിന്റെ ഉള്ളിലേക്ക് കയറ്റി വയ്ക്കുന്നതിന് സമ്മർദ്ദം ചെലുത്തേണ്ടി വരികയോ ചെയ്യാം. അപ്രകാരം കയറ്റിവച്ചാൽ അത് ഉള്ളിൽതന്നെ ഇരിക്കുകയോ വീണ്ടും മലശോധന ചെയ്യുന്ന സമയത്ത് പുറത്തേക്ക് തള്ളി വരികയോ ചെയ്യാം.

ഭക്ഷണശ്രദ്ധ അനിവാര്യം

അർശസിന്റെ ഏത് ഘട്ടത്തിലായാലും ഭക്ഷണത്തിലുള്ള ശ്രദ്ധ അനിവാര്യമാണ്. എല്ലാ ഘട്ടങ്ങളിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദവുമാണ്. ജന്മനാതന്നെ അർശസ് ഉള്ളവരും ദീർഘനാൾ ഈ രോഗത്തിന് ചികിത്സിക്കേണ്ടി വരുന്നുണ്ട്. അവർ ഇടയ്ക്കുവച്ച് ചികിത്സ അവസാനിപ്പിക്കുന്നത് രോഗം വർദ്ധിക്കുവാൻ ഇടയാക്കും.

മൂന്നാമത്തെ ഘട്ടത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന മാംസ ഭാഗത്തെ അകത്തേക്ക് കയറ്റി വച്ചാലും അത് അവിടെ ഇരിക്കാത്ത അവസ്ഥയാണുള്ളത്. ഇത് കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ രോഗികളെ വളരെ ശല്യപ്പെടുത്താറുണ്ട്. ഈ സാഹചര്യത്തിലും ആയുർവേദ മരുന്നുകൾ ഒരു പരിധിവരെ ഗുണം ചെയ്യും.

അടുത്തഘട്ടത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന മാംസഭാഗം വസ്ത്രങ്ങളിലും മറ്റും ഉരയുകയും, ഒന്നിൽ കൂടുതൽ മാംസപിണ്ഡങ്ങൾ ഉണ്ടാക്കുന്ന സമ്മർദ്ദവും കാരണം വ്രണങ്ങളും ഉണ്ടായേയ്ക്കാം. ഇത്തരം ആൾക്കാരിൽ ആധുനിക രീതിയിലുള്ള സർജറികളോ, ആയുർവേദ കോളേജുകളിലും ചില ആയുർവേദ ആശുപത്രികളിലും പ്രവർത്തിക്കുന്ന ഏനോ റെക്ടൽ ക്ലിനിക്കുകളിൽ നിന്ന് ചികിത്സ സ്വീകരിക്കുകയോ വേണം.

സർജറി പോലുള്ള ചികിത്സകൾക്ക് വിധേയരാകുന്നവർ അർശസ് പൂർണ്ണമായി ശമിച്ചു എന്ന് വിചാരിച്ച് ഭക്ഷണ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി കുറച്ചുനാൾ കഴിയുമ്പോൾ അടുത്തൊരു ഭാഗത്ത് വീണ്ടും മാംസഭാഗം പ്രത്യക്ഷപ്പെടുകയും പഴയതുപോലെ വളർച്ച പ്രാപിക്കുകയും ചെയ്യുന്നതായി കാണാം. അതിനാൽ സർജറി കൊണ്ട് ലഭിക്കുന്ന ആശ്വാസം നെടുനാൾ നീണ്ടുനിൽക്കണമെങ്കിൽ

അർശസിന് ഹിതകരമല്ലാത്ത ഭക്ഷണങ്ങളും ശീലങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനായി ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശവും സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.