chennithala

തിരുവനന്തപുരം: വിജിലൻസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പറയുന്നതനുസരിച്ച് വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരും. മൂന്ന് എം.എൽ.എമാരെയാണ് കേസിൽ കുടുക്കിയിരിക്കുന്നത്. മൂന്ന് നടപടികളും രാഷ്ട്രീയ പ്രേരിതമാണ്. അറസ്റ്റ് ചെയ്യാനുള്ള യാതൊരു നിയമോപദേശവും കിട്ടാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി കേസിൽ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു

മൊബിലൈസേഷന് അഡ്വാൻസ് കൊടുത്തെന്നാരോപിച്ചാണ് വിജിലൻസ് നടപടി. ആർ.ഡി.എസ് എന്ന കമ്പനി ഈ സർക്കാരിന്റെ കാലത്തും കേരളത്തിൽ വർക്കുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് യു.ഡി.എഫ് എം.എൽ.എമാരെ അറസ്റ്റ് ചെയ്യുമെന്ന് ഇടതു മുന്നണി കൺവീനർ വിജയരാഘവൻ പറഞ്ഞിരുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഇൗ നടപടികളെ യു.ഡി.എഫ് ശക്തമായി നേരിടും. കള്ളക്കേസുണ്ടാക്കി സ്വർണക്കള്ളക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു.