health-education

മെഡിക്കൽ പ്രവേശനത്തിനുള്ള അവസാന മുഹൂർത്തം അടുക്കുമ്പോൾ ഫീസ് ഘടനയെച്ചൊല്ലി പ്രതിസന്ധി ഉടലെടുക്കുക വർഷങ്ങളായി തുടരുന്ന ഗൂഢതന്ത്രമാണ്. ഇക്കുറിയും അതിനു മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. ആദ്യ അലോട്ട്‌മെന്റ് ഈ മാസം 20-ന് നിശ്ചയിച്ചിരിക്കെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ ഉയർന്ന ഫീസ് വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ്. സർക്കാർ നിയമിച്ച ഫീസ് നിർണയ സമിതി 6.32 ലക്ഷം രൂപ മുതൽ 7.65 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസായി ശുപാർശ ചെയ്തിരുന്നത്. പത്തൊൻപതു സ്വാശ്രയ കോളേജുകൾ സർക്കാർ നിരക്ക് അംഗീകരിക്കാൻ തയ്യാറല്ല. എൻ.ആർ.ഐ ഒഴികെ മറ്റുള്ളവർക്ക് 11 ലക്ഷം രൂപ മുതൽ 15.42 ലക്ഷം വരെയാണ് അവർ ആവശ്യപ്പെടുന്ന വാർഷിക ഫീസ്. എൻ.ആർ.ഐ സീറ്റിന് കുറഞ്ഞത് 20 ലക്ഷവും ആവശ്യപ്പെടുന്നു. അത് 22 ലക്ഷം വരെയായി നിശ്ചയിച്ചവരും കൂട്ടത്തിലുണ്ട്. അന്യദേശങ്ങളിൽ പോയി കഷ്ടപ്പെട്ടു വല്ലവിധേനയും നാലു കാശുണ്ടാക്കിയവരെ മെഡിക്കൽ സീറ്റ് കാണിച്ച് ഭ്രമിപ്പിച്ച് കുത്തിക്കവർച്ച ചെയ്യുന്ന ഈ ഏർപ്പാടും വർഷങ്ങളായി തുടരുകയാണ്. രാജേന്ദ്രബാബു കമ്മിഷൻ നിശ്ചയിച്ച ഫീസ് തന്നെ പലർക്കും താങ്ങാവുന്നതിനപ്പുറമാണെന്ന പരാതി നിലനിൽക്കുമ്പോഴാണ് അതിന്റെ ഇരട്ടിയും അതിലുമേറെയും വേണമെന്ന ശാഠ്യവുമായി സ്വാശ്രയ കോളേജുകൾ നിൽക്കുന്നത്. ഫീസ് നിരക്ക് കൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി അവർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയും സമ്പാദിച്ചിരുന്നു. കുട്ടികളുടെ സാമ്പത്തിക നിലയും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുക്കാതെയുള്ളതാണ് മാനേജ്‌മെന്റുകൾ മുന്നോട്ടുവച്ചിരിക്കുന്ന ഫീസ് ഘടനയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും. സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ പ്രവേശനം നൽകാൻ നേരത്തെ തയ്യാറായ കോളേജുകൾ പോലും ഇപ്പോൾ നിലപാടു മാറ്റി ഏറ്റവും ഉയർന്ന ഫീസിനായി ശബ്ദമുയർത്താൻ തുടങ്ങിയതും ആശ്ചര്യപ്പെടുത്തുന്നതാണ്. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ കോളേജുകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഫീസ് ഘടന പുനഃപരിശോധിക്കാനും പ്രവേശനം നേടുന്ന കുട്ടികൾ ഉയർന്ന ഫീസ് ഒടുക്കേണ്ടിവരുമെന്ന വിവരം അവരെ മുൻകൂട്ടി അറിയിക്കണമെന്നും കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തിലാണ് കോളേജുകൾ തരാതരം പോലെ ഫീസ് പതിനൊന്നും പതിനഞ്ചും ലക്ഷമായി ഉയർത്തി നിശ്ചയിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. അലോട്ട്‌മെന്റ് തുടങ്ങാനിരിക്കെ ഫീസ് ഘടന ഉയർത്തി നിശ്ചയിച്ചേക്കുമെന്നു കാണിച്ച് പ്രവേശന കമ്മിഷണർ അറിയിപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ പ്രഖ്യാപിച്ച ഫീസ് നിരക്കിൽ പ്രവേശനം നേടാൻ കാത്തിരുന്നവർ തലയ്ക്കടിയേറ്റ നിലയിലാണ്. മെഡിക്കൽ പഠനം തന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ദുഃഖചിന്തയിലാണ് പലരും. സർക്കാർ നിശ്ചയിച്ച ഫീസ് നിരക്കിൽ പ്രവേശനം നേടിയാൽപ്പോലും ഇടയ്ക്കുവച്ച് ഉയർന്ന ഫീസ് നൽകേണ്ടിവന്നേക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.

ഹൈക്കോടതി വിധിക്കെതിരെ പതിവുപോലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് സർക്കാർ. ഇതിൽ വിധി എപ്പോൾ വരുമെന്നു പറയാനാകില്ല. പഠനം തുടങ്ങിയ ശേഷം ഇടയ്ക്കുവരുന്ന കോടതി തീർപ്പുകൾ മുൻപും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുള്ളത് ഓർമ്മവരുന്നു. കുറഞ്ഞ ഫീസിൽ പഠനം മോഹിച്ച് ഓപ്‌ഷൻ നൽകി കാത്തിരിക്കുന്ന വളരെയധികം കുട്ടികളുണ്ട്. ഫീസ് കൂട്ടിനിശ്ചയിച്ചാൽ അതു നൽകാമെന്ന് എഴുതിക്കൊടുത്തു വേണം ഇനി അവർക്ക് പ്രവേശനം ഉറപ്പാക്കാൻ. ഒറ്റയടിക്ക് അഞ്ചും ആറും അതിലധികവും ലക്ഷമാണ് പുതുതായി കണ്ടുപിടിക്കേണ്ടിവരുന്നത്. കുടുംബത്തെ അക്ഷരാർത്ഥത്തിൽ കുത്തുപാളയെടുപ്പിക്കുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗം അധഃപതിച്ചിട്ടും ഭരണകൂടങ്ങളും നീതിപീഠങ്ങളും നോക്കിനിൽക്കേണ്ടിവരുന്നത് വല്ലാത്ത ദുർഗതി തന്നെയാണ്. പാവങ്ങൾക്കും ഇടത്തരക്കാർക്കുമല്ലേ പണമില്ലാതുള്ളൂ. ഫീസ് അൻപതുലക്ഷമായി ഉയർത്തിയാലും ചേരാൻ കുട്ടികളുണ്ട് എന്നാണു വാദമെങ്കിൽ പണമുള്ളവരുടെ കുട്ടികൾ മാത്രം പഠിച്ചാൽ മതിയോ എന്ന മറുചോദ്യവും പ്രസക്തമാണ്. ഏതു കോഴ്‌സിനും ചെലുത്താവുന്ന ഫീസ് നിരക്കിന് ഒരു പരിധിയൊക്കെയുണ്ട്. സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജുകൾ മുൻപും പ്രവർത്തിച്ചിരുന്നു. അന്നൊന്നുമില്ലാതിരുന്ന ഫീസ് കൊള്ള ഇപ്പോൾ മാത്രം പ്രാബല്യത്തിലായതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. എൻ.ആർ.ഐ സീറ്റിന് 25 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട കോളേജുണ്ട്. അതു നൽകാൻ ശേഷിയുള്ളവർ കാണുമായിരിക്കും. എന്നാൽ മെഡിക്കൽ പഠനത്തിന് ഇത്രയേറെ ഫീസ് ചുമത്തുന്നതിനു പിന്നിലെ അധാർമ്മികതയും സാമൂഹ്യവിരുദ്ധതയും തിരിച്ചറിയപ്പെടേണ്ടതു തന്നെയല്ലേ? ഓരോ വർഷം കഴിയുന്തോറും ഈ രംഗത്തു വളർന്നുകൊണ്ടിരിക്കുന്ന കച്ചവടവൽക്കരണവും അനാശാസ്യ പ്രവണതകളും സമൂഹത്തിന് എത്രമാത്രം വിനകളാണു വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് എന്തേ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ മനസിലാക്കുന്നില്ല. സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥി കേവലം 26000 രൂപ വാർഷിക ഫീസ് നൽകുമ്പോഴാണ് സ്വാശ്രയ കോളേജിൽ ചേരുന്നവർ അതിന്റെ അൻപതു മടങ്ങിലധികം നൽകേണ്ടിവരുന്നത്. പഠന മികവ് കണക്കിലെടുത്താൽ പോലും സർക്കാർ - സ്വാശ്രയ ഫീസ് നിരക്കിലെ ഈ അന്തരം അതിഭീകരം തന്നെയാണ്. രാജ്യത്ത് മറ്റ് ഒരു കോഴ്സിനും ഇത്രയധികം ഫീസ് ഈടാക്കുന്നുമില്ല. ഒരു കോടിയിലധികം രൂപ ഫീസ് നൽകി എം.ബി.ബി.എസ് ബിരുദം നേടി പുറത്തുവരുന്ന ഒരാൾ ആയുസു മുഴുവൻ പണിയെടുത്താലും ഫീസിനായി കടം കൊണ്ട തുക അടയ്ക്കാനാകാതെ ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലേണ്ടിവരും. പി.ജി ബിരുദം കൂടി ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെയും ദശലക്ഷങ്ങൾ മുടക്കേണ്ടിവരും. പരോക്ഷമായി ഈ ഭാരം താങ്ങേണ്ടിവരുന്നത് ജനങ്ങൾ തന്നെയാണ്. ആശുപത്രിവാസം ഉൾപ്പെടെ സകല ചികിത്സാ ചെലവുകളും ഉയരും. സാധാരണക്കാർക്ക് എത്തിനോക്കാൻ പോലും കഴിയാത്ത വിധം സ്വകാര്യ ആശുപത്രികൾ അപ്രാപ്യമാകും.

മെഡിക്കൽ ഫീസ് നിർണയം കീറാമുട്ടിയാകുമെന്ന് അറിഞ്ഞിട്ടും കാലേകൂട്ടി ഇടപെട്ടില്ല എന്നിടത്താണ് സർക്കാരിന്റെ വീഴ്ച. ഫീസ് നിർണയ സമിതി നേരത്തെ തന്നെ ചുമതല പൂർത്തിയാക്കിയിരുന്നെങ്കിൽ വ്യവഹാര നടപടികളിൽ തീർപ്പും നേരത്തെ ഉണ്ടാകുമായിരുന്നു. 2017 കാലം മുതലുള്ള ഫീസ് തർക്കങ്ങൾ സുപ്രീംകോടതിയിൽ കിടക്കുകയാണ്. ആയിരക്കണക്കിനു കുട്ടികളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിലെങ്കിലും വേഗം തീർപ്പുണ്ടാക്കാൻ നീതിപീഠങ്ങൾ കനിയേണ്ടതാണ്.