തിരുവനന്തപുരം: സർക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്, മയക്കുമരുന്നുൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടുകൂടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഏജൻസിയായി വിജിലൻസ് അധഃപതിച്ചു. ലൈഫ് പദ്ധതി ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലൻസ് ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തിട്ടില്ല. ഇത് വിജിലൻസിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തി ഗുരുതരമായ മറ്റ് അഴിമതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.