തിരുവനന്തപുരം: ജന്മനായുള്ള രോഗങ്ങൾക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകുന്ന സൗജന്യ ചികിത്സ സംസ്ഥാനത്തെ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇന്നലെ നിലവിൽ വന്ന മാറ്റം സംസ്ഥാനത്ത് താമസിക്കുന്ന മറുനാടൻ കുടുംബങ്ങൾക്ക് തിരിച്ചടിയാകും. കേന്ദ്രസർക്കാർ പദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്‌ത്യ കാര്യക്രമം അനുസരിച്ചാണ് പതിനെട്ട് വയസ് വരെയുള്ള കുട്ടികൾക്ക് ജന്മനായുള്ള വൈകല്യം, പോഷകകുറവ്, വളർച്ചാമുരടിപ്പ്, മറ്റ് രോഗങ്ങൾ എന്നിവയ്‌ക്ക് സൗജന്യചികിത്സ നൽകിയിരുന്നത്.
കേന്ദ്രപദ്ധതിയായതിനാൽ ഇതിലുൾപ്പെട്ട രാജ്യത്തെ എല്ലാ ആശുപത്രികളിലും ചികിത്സ നൽകിയിരുന്നു. എന്നാലിത് സംസ്ഥാനത്തെ ദേശീയാരോഗ്യമിഷനുമായി ബന്ധപ്പെട്ട് മാറ്റിയതോടെയാണ് ചികിത്സ പരിമിതപ്പെടുത്തിയതെന്നാണ് ശ്രീചിത്രയുടെ വിശദീകരണം.
ആർ.ബി.എസ്.കെ പദ്ധതിയിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷൻ കേരളയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും പുതിയ കരാർ ഒപ്പിട്ടു. ഇതുപ്രകാരം സൗജന്യ ചികിത്സയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മൂന്ന് മാറ്റങ്ങൾ വരുത്തി.
മാറ്റങ്ങൾ
1. കേരളത്തിലെ രോഗികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കും.
2. തിരഞ്ഞെടുത്ത ഹൃദ്രോഗങ്ങൾക്കുള്ള കിടത്തി ചികിത്സയ്‌ക്ക് മാത്രമായി സാമ്പത്തിക സഹായം പരിമിതപ്പെടുത്തും.
3. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് സർക്കാരിന്റെ താലോലം പദ്ധതിപ്രകാരം നൽകുന്ന സൗജന്യ കിടത്തി ചികിത്സ തുടരും.