കിളിമാനൂർ: ചിത്രരചനയും, പാട്ടും നൃത്തവും ഒക്കെയായി കിളിമാനൂർ കൊട്ടാരം കലാക്ഷേത്രമാക്കി മാറ്റി വരും തലമുറയ്ക്ക് പകർന്നു നൽകാൻ പദ്ധതി തയ്യാറായി.
വരകളുടെ തമ്പുരാന് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ആദരവായാണ് കലാഗ്രാമം വരുന്നത്. പ്രദേശത്തും, വിദൂര സ്ഥലങ്ങളിൽ നിന്നും രവി വർമ്മയെ കുറിച്ച് അറിയുന്നതിനും, ചിത്രങ്ങൾ കാണുന്നതിനും, ചിത്രരചന അഭ്യസിക്കാനുമൊക്കെയായി എത്തുന്ന കലാസ്വാദകർക്കും, കലാകാരന്മാർക്കും താമസിക്കുന്നതിനും, കലാപഠനത്തിനുമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മന്ദിരം ഒരുങ്ങുന്നത്.
കിളിമാനൂരിൽ ലളിതകലാ അക്കാഡമിയുടെ കീഴിലുള്ള രാജാരവിവർമ്മ സാംസ്കാരിക നിലയത്തോട് ചേർന്നാണ് പുതിയ മന്ദിര നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പ്രകൃതി സൗഹൃദപരമായി ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്.കേരളീയ വാസ്തു ശൈലിയിലാണ് കെട്ടിടം. സാംസ്കാരിക കേന്ദ്രത്തിൽ രവിവർമ്മ ചിത്രങ്ങളുടെ ആർട്ട് ഗ്യാലറി, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിലവിലുള്ളത്.