തിരുവനന്തപുരം:തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലയിലേക്ക് അഞ്ചു നിരീക്ഷകരെ നിയമിച്ചു. ബ്ലോക്ക് പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപറേഷൻ അടിസ്ഥാനത്തിലാണ് നിരീക്ഷകരെ നിയമിച്ചത്.ഹൗസിംഗ് ബോർഡ് ഓഡിറ്റ് ഓഫീസിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജി.എസ്.ബിന്ദുവാണ് തിരുവനന്തപുരം കോർപറേഷന്റെ ചെലവ് നിരീക്ഷക.ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറ്റിങ്ങൽ,വർക്കല മുനിസിപ്പാലിറ്റികളുടെയും ചെലവ് നിരീക്ഷകയായി സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ ഷൈല ഉബൈദിനെയും നെടുമങ്ങാട്, വാമനപുരം,കിളിമാനൂർ ബ്ലോക്ക്,നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ നിരീക്ഷകയായി ഓഡിറ്റ് വകുപ്പ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ സാലമ്മ ബസേലിയോസിനെയും നിയമിച്ചു.ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡബ്ല്യു.ജെ.സുതനാണ് നേമം,പോത്തൻകോട്,വെള്ളനാട് ബ്ലോക്കുകളുടെ ചെലവ് നിരീക്ഷകൻ. പാറശാല,പെരുങ്കടവിള,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തുകളുടെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും ചെലവ് നിരീക്ഷകയായി കേരള സർവകലാശാല ഓഡിറ്റ് ഓഫീസിലെ ജോയിന്റ് ഡയറക്ടർ എം.ഗീതയെയും നിയമിച്ചു.തിരഞ്ഞെടുപ്പിന്റെ വിവിധ നടപടിക്രമങ്ങളിലും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും പ്രചാരണ പരിപാടികളിലും വരുന്ന ചെലവ് ഇവർ നിരീക്ഷിക്കും.