തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ ശാരീരിക അവശതകാരണം തസ്തികമാറ്റത്തിന് പരിഗണിക്കുന്ന ജീവനക്കാരുടെ കൂട്ടത്തിൽ പരേതനും. മരണം ചീഫ് ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും തസ്തികമാറ്റത്തിനുള്ള പട്ടികയിൽ നിന്ന് നീക്കിയില്ല. 147 ജീവനക്കാരാണ് പട്ടികയിലുള്ളത്.വിരമിച്ചവരും പട്ടികയിലുണ്ട്. ഡിപ്പോകളിലെ പരിശോധനയിലേ വ്യക്തത വരൂ.
കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ശാരീരിക അവശതകളുള്ള ജീവനക്കാരുടെ അവസ്ഥ. രോഗങ്ങളും, ശാരീരിക വൈകല്യങ്ങളും കാരണം ബസിൽ ജോലി ചെയ്യാൻ കഴിയാത്തതിനാൽ തസ്തികമാറ്റത്തിന് അപേക്ഷിച്ചവരുടെ പട്ടിക മൂന്ന് വർഷത്തിന് ശേഷമാണ് പരിഗണിക്കുന്നത്. ചികിത്സയ്ക്കും നിത്യച്ചെലവിന് വഴിയില്ലാത്തവരും ചികിത്സയ്ക്കായി കിടപ്പാടം പണയപ്പെടുത്തിയവരും വാഹനാപകടത്തിൽ അംഗഭംഗം വന്നവരും അദ്ധ്വാനമുള്ള ജോലികൾക്ക് യോഗ്യരല്ലെന്ന് മെഡിക്കൽബോർഡ് ശുപാർശ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ ജീവനക്കാർക്ക് ഹാജർ ഇല്ലാതെ ശമ്പളം ലഭിക്കില്ല. ശാരീരിക അദ്ധ്വാനം കുറഞ്ഞ ഓഫീസ് ഡ്യൂട്ടികളിലേക്ക് ഇവരെ മാറ്റിയാൽ മതി. ഈ പ്രതീക്ഷയിലാണ് പലരും അപേക്ഷ നൽകിയത്. ആയുസിന്റെ നല്ലകാലം കോർപറേഷനിൽ ജോലി ചെയ്തവർ മാനേജ്മെന്റിൽ നിന്ന് മാനുഷിക പരിഗണന പ്രതീക്ഷിച്ചിരുന്നു. തസ്തികമാറ്റം സർക്കാർ അനുവദിച്ചിട്ടും മാനേജ്മെന്റ് നടപ്പാക്കിയില്ല.
സ്ഥിരം ജീവനക്കാരെ ഇങ്ങനെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നത് നിയമവിരുദ്ധമാണെങ്കിലും കെ.എസ്.ആർ.ടി.സിയിൽ അത് ഏറെക്കാലമായി തുടരുന്നുണ്ട്. ഭരണവിഭാഗത്തിലെ വീഴ്ചകളാണ് കാരണം. പനി ബാധിച്ച് മെഡിക്കൽ ലീവിൽ പോയാലും തിരികെ ജോലിക്ക് കയറണമെങ്കിൽ ചീഫ് ഓഫീസിൽ നിന്ന് ഉത്തരവ് വേണം. ഡിപ്പോയിൽ തന്നെ നടപടി എടുക്കാമെങ്കിലും അനുമതി നൽകിയില്ല. ഇത്തരം അപേക്ഷകളെല്ലാം ചീഫ് ഓഫീസിലെ പി.എൽ സെക്ഷനിൽ കെട്ടിക്കടിക്കുകയാണ്. പരേതനെ ഉൾപ്പെടുത്തി തസ്തികമാറ്റ പട്ടിക ഇറക്കിയതും ഈ വിഭാഗത്തിൽ നിന്നാണ്. സംഘനടനാ ചുമതലയുള്ളവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യൂണിയന് താത്പര്യമുള്ള അപേക്ഷകളേ നീങ്ങൂ.