തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. നാളെ രാവിലെ ഒമ്പതു മുതൽ വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകി സൂക്ഷ്മ പരിശോധന നടത്തും. സമയക്രമം സ്ഥാനാർത്ഥികളെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്കും നിർദേശകനും ഏജന്റിനും മാത്രമായിരിക്കും പ്രവേശനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഒരു സമയം പരമാവധി 30 പേരെ മാത്രമേ പ്രവേശിപ്പിക്കൂ.
ജില്ലാ പഞ്ചായത്തിന്റേത് കളക്ടറുടെ ചേംബറിലും കോർപറേഷനുകളിലേത് കളക്ടർ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേത് അതത് റിട്ടേണിംഗ് ഓഫീസർമാരുടെ കാര്യാലയങ്ങളിലും നടക്കും. വിശദമായ പട്ടിക തിരഞ്ഞെടുപ്പ് വിജ്ഞാപനത്തോടൊപ്പമുള്ള ഫോം1ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നവംബർ 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയമുണ്ട്. അതിനു ശേഷമാകും അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുക.
ഇതുവരെ 82810 പത്രികകൾ
സംസ്ഥാനത്തെ 21865 വാർഡുകളിലേക്ക് ഇതുവരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിൽ 64,767, ബ്ലോക്ക് പഞ്ചായത്തുകളിൽ 5,612, ജില്ലാ പഞ്ചായത്തുകളിൽ 664, മുനിസിപ്പാലിറ്റികളിൽ 9,865, ആറ് കോർപ്പറേഷനുകളിൽ 1,902 എന്നിങ്ങനെയാണ് എണ്ണം.
മലപ്പുറത്താണ് കൂടുതൽ-10,485. കുറവ് ഇടുക്കിയിൽ-2,321. തിരുവനന്തപുരത്ത് 7,677, കൊല്ലത്ത് 5,146, പത്തനംതിട്ട 3,614,ആലപ്പുഴ 4,834,കോട്ടയം 4,413, എറണാകുളം 7,971, തൃശൂർ 9,069, പാലക്കാട് 6,773, കോഴിക്കോട് 8,512, വയനാട് 2,374,കണ്ണൂർ 7,165,കാസർകോട് 2,456 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.