jjjjj

തിരുവനന്തപുരം: ജവാൻ മദ്യത്തിനെതിരായ വ്യാജ പ്രചാരണം ചെറുക്കാൻ എക്സൈസ് വകുപ്പ് രംഗത്തിറങ്ങി.

സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് നിർമ്മിക്കുന്ന ഏക മദ്യമാണ് ജവാൻ. പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ജവാൻ റമ്മിന് വലിയ ഡിമാന്റാണ്. ആൽക്കഹോളിൻെറ അളവ് 42.86 ശതമാനമാണ്. എന്നാൽ ജൂലായിൽ നിർമ്മിച്ച 245, 246, 247 ബാച്ച് മദ്യത്തിൽ ഇത് 39.09, 38.31, 39.14 ശതമാനം വീതമായിരുന്നു. തുടർന്ന് എക്സൈസ് ഈ ബാച്ചുകൾ വിൽക്കരുതെന്ന് ഉത്തരവിറക്കി. ഈ ഉത്തരവ് മറയാക്കിയാണ് വ്യാജ പ്രചാരണം.

ഗുണമേന്മയില്ലെന്നും കഴിക്കരുതെന്നും, കഴിച്ചവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

വില കുറവായതിനാലും സർക്കാർ സ്ഥാപനം നിർമ്മിക്കുന്നതിനാലും സംസ്ഥാനത്ത് ഏറ്റവും ഡിമാന്റുള്ള മദ്യമാണ് ജവാൻ. പ്രതിദിന ഉത്പാദനം ഉയർത്തണമെന്നാണ് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. അതിനിടെയാണ് ദുഷ്പ്രചാരണം. ഇതിനു പിന്നിൽ സ്വകാര്യ മദ്യലോബിയാണെന്ന ആക്ഷേപവുമുണ്ട്.

''ജവാൻ മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല. വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മാത്രമാണ് പിൻവലിച്ചത്. ജവാൻ കഴിച്ച ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.

അനന്തകൃഷ്ണൻ

എക്സൈസ് കമ്മിഷണർ