ksrtc

തിരുവനന്തപുരം: ബസ് സർവീസ് കുറവായതിനാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സി എം.ഡിക്ക് അയച്ച കത്ത് പുറത്തായത് സർക്കാരിനേയും ഇടത് തൊഴിലാളി യൂണിയനുകളേയും പ്രതിരോധത്തിലാക്കി.

സെപ്തംബറിലെ ശമ്പളത്തിന് ധനസഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഫയലിൽ ധനവകുപ്പാണ് താൽക്കാലികമായി ശമ്പളം കുറയ്‌ക്കണമെന്ന് രേഖപ്പെടുത്തിയത്. അതിൽ നിർദ്ദേശത്തിനായി ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി എം.ഡിക്ക് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്തായത്. ജീവനക്കാർക്ക് പ്രത്യേക പാക്കേജും ഇടക്കാല ആശ്വാസവും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ കത്ത് പോയതാണ് സർക്കാരിന് ക്ഷീണമായത്. അടുത്ത മാസം റഫറണ്ടം നടക്കുന്നതിനാൽ പ്രതിപക്ഷ യൂണിയനുകൾ ഇത് ആയുധമാക്കുകയും ചെയ്തു.

ശമ്പളം കുറയ്‌ക്കാനാവില്ലെന്ന് എം.ഡി സർക്കാരിനെയും ഗതാഗതവകുപ്പ് ധനവകുപ്പിനെയും അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് അയച്ച കത്ത് എം.ഡിയെ കൂടാതെ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർമാർ മാത്രമാണ് കണ്ടിട്ടുള്ളത്.അവരിൽ ആരെങ്കിലുമാവും കത്തിന്റെ കോപ്പി കോൺഗ്രസ് സംഘടനയ്‌ക്ക് അയച്ചതെന്നാണ് നിഗമനം. കത്ത് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് യൂണിയൻ ആവശ്യപ്പെട്ടു.

74 കോടി അധികം വേണം

ഈ മാസത്തെ ശമ്പളം ഉൾപ്പെടെയുള്ള ചെലവിന് 74 കോടി രൂപ കൂടി കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.