തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത മുൻമന്ത്രിയും മുസ്ളീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ കവിത ചൊല്ലി പരിഹസിച്ച് മന്ത്രി കെ.ടി ജലീൽ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ, 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂർ എസ്.പരമേശ്വര അയ്യരുടെ കവിത ചൊല്ലിയാണ് മുൻമന്ത്രിയുടെ അറസ്റ്റിനെ കളിയാക്കിയത്.
നമുക്ക് നമ്മൾ തന്നെയാണ് സ്വർഗം പണിയുന്നത്. നരകം തീർക്കുന്നതും നാം തന്നെ എന്നാണ് കവിതയുടെ അർത്ഥം.
വിദേശത്തുനിന്ന് ഖുറാനും ഇൗന്തപ്പഴവും കടത്തിയതിൽ ക്രമക്കേടാരോപിച്ച് കേന്ദ്ര ഏജൻസികൾ നിരവധി തവണ മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു. ജലീൽ അറസ്റ്റിലാകുമെന്ന് മുസ്ളീം ലീഗ് നേതാക്കൾ പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനിടെ സംസ്ഥാന വിജിലൻസ് പാലാരിവട്ടം പാലം കേസിൽ ലീഗ് എം.എൽ.എയായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ജലീലിന്റെ പരിഹാസം.