q

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ ആവേശം കൂടിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറക്കുന്നു. പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും ഇലക്ട്രിക് - ടെലിഫോൺ പോസ്റ്റുകളിലും മൊബൈൽ ടവറുകളിലും പ്രചാരണ ഫ്ലക്‌സുകൾ നിറഞ്ഞു. വാഹന യാത്രികർക്കും കാൽനടക്കാർക്കും മാർഗ തടസമുണ്ടാക്കുന്ന രീതിയിൽ നടപ്പാതയും റോഡുകളും കൈയടക്കിയാണ് ചിലയിടങ്ങളിൽ പരസ്യങ്ങൾ ഇടംപിടിച്ചത്. പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ പരസ്യങ്ങൾ പാടില്ലെന്ന നിർദ്ദേശം പലരും പാലിക്കുന്നില്ല. പെരുമാറ്റച്ചട്ടം നിലവിൽവന്ന അന്നുതന്നെ പ്ലാസ്റ്റിക്ക് നൂൽ പോലും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പലരും ഇത് കേട്ടമട്ടില്ല.

അനുമതി വാങ്ങാതെ

ചുവരഴുത്തും പിന്നാലെ ഭീഷണിയും

ബന്ധപ്പെട്ടവരുടെ മുൻകൂർ അനുമതിയില്ലാതെ പരസ്യം സ്ഥാപിക്കാനോ വരയ്‌ക്കാനോ എഴുതാനോ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ചുവരെഴുതാനും പോസ്റ്റർ പതിക്കാനും സമ്മതിച്ചില്ലെങ്കിൽ ഭീഷണി പിന്നാലെയെത്തും. പരാതിയുമായി വീട്ടുകാരെത്തിയാൽ പ്രാദേശിക നേതാക്കൾ ഇടപെട്ട് എല്ലാം ഒതുക്കി തീർക്കും.

മോണിറ്ററിംഗ് സെല്ലിൽ

അഞ്ച് പരാതികൾ

തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിംഗ് സെല്ലിന്റെ ആദ്യ യോഗത്തിൽ ലഭിച്ചത് അഞ്ച് പരാതികൾ. ചുവരെഴുത്തു സംബന്ധിച്ചും സർക്കാർ സ്ഥാപനങ്ങളിലും വസ്‌തുവകകളിലും പ്രചാരണോപാധികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുമാണ് പരാതികൾ. ഇതിൽ നാലെണ്ണം പരിശോധിക്കാൻ എം.സി.സി സ്‌ക്വാഡിനും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനും നിർദ്ദേശം നൽകി. ഒരെണ്ണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയ്ക്ക് വിട്ടു.