
കുളത്തൂർ: ഐ .ടി നഗരത്തിന്റെ ഹൃദയഭാഗത്തെ ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ് വാഹനയാത്രക്കാർ. തിരുവനന്തപുരം നഗരത്തത്തിലേക്കുള്ള പ്രധാന ദേശീയപാതയായ കഴക്കൂട്ടം ജംഗ്‌ഷനിൽ എത്തുന്ന വാഹന യാത്രക്കാർ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വലഞ്ഞാണ് കഴക്കൂട്ടം കടക്കുന്നത്.
മാസങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ഇതുവരെയും പരിഹാരമായില്ല. പൊതുജനങ്ങളും ദിനംപ്രതി നറുകണക്കിന് വാഹന യാത്രക്കാരും അനുഭവിക്കുന്ന ഈ ദുരിതം താത്കാലികമായി പരിഹരിക്കാൻ അധികൃതർക്ക് ആവുമെന്നിരിക്കെ അതിന് മുതിരാതെ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട്, തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ് ദേശീയപാത അധികൃതരും പൊലീസും.
എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ ദുരിതമെങ്കിലും റോഡിന്റെ ഇരുഭാഗത്തെയും സ്ഥലമേറ്റെടുത്ത് കെട്ടിടങ്ങൾ ഇടിച്ചു നീക്കിയ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റുകളും മറ്റ് തടസങ്ങളും മാറ്റി റോഡ് വീതികൂട്ടിയാൽ തീരാവുന്ന പ്രശ്നം മാത്രമുണുള്ളത്. കഴക്കൂട്ടം ജംഗ്ഷൻ മുതൽ കാർത്തിക ബാർ വരെയാണ് അതിരൂക്ഷമായ ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്നത്.
റോഡിന്റെ വലതുഭാഗത്ത് സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഓടയുടെ പണികൾ നടന്നുവരികയാണ്. ഓട നിർമ്മാണം നടക്കുന്ന ഭാഗത്തും കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന വശത്തെയും ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് താത്കാലിക റോഡ് ഉണ്ടാക്കിയാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാനാകും. പകരം ഇരുഭാഗത്തും ഓടകൾ നിർമ്മിച്ച ശേഷമേ താത്കാലിക റോഡ് പണി ആരംഭിക്കൂ എന്ന പിടിവാശിയിലാണ് അധികൃതർ. ആദ്യം ജനങ്ങളുടെ ദുരിതമാണ് മാറ്റേണ്ടത്.
കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കഴക്കൂട്ടം ജംഗ്‌ഷൻ വഴി കടന്നുപോകുന്നത്. ഇൗ ഭാഗത്തെ ഗതാഗത കുരുക്ക് കാരണം കുളത്തൂർ റോഡും ആക്കുളം ബൈപ്പാസിലേക്കുള്ള സർവീസ് റോഡുകളും കഴക്കൂട്ടത്തെ ഒട്ടുമിക്ക ഇടറോഡുകളിലും ഗതാഗതം താറുമാറായി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം ഉൾപ്പെടുന്ന കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുന്നിൽ ദിവസം മുഴുവനും അനുഭവപ്പെട്ട ട്രാഫിക് കുരുക്ക് പരിഹരിക്കാൻ പൊലീസ് മെനക്കെടുന്നില്ല. ചിലയിടങ്ങളിൽ പേരിന് സ്വകാര്യ ജീവനക്കാരെ ട്രാഫിക് നിയന്ത്രിക്കാൻ ഏൽപ്പിച്ച് പൊലീസ് പിൻവാങ്ങുന്ന കാഴ്ചയാണ് കഴക്കൂട്ടത്ത് .
ഇരുചക്ര വാഹനങ്ങൾ റോഡിലെ ചെളിയിൽ തെന്നിമാറി ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ദേശീയ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടത്ത് മിഷൻ ആശുപത്രി മുതൽ ടെക്നോപാർക്ക് ഫെയ്സ് ത്രീ വരെ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കുന്നത്. കഴക്കൂട്ടം ജംഗ്ഷൻ മുതൽ മിഷൻ ആശുപത്രിവരെ താത്കാലിക സർവീസ് റോഡ് നിർമ്മിച്ച ശേഷം മാത്രമേ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാവൂ എന്ന നിബന്ധന നിർമ്മാണ കമ്പനി പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.