തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചയാക്കി പ്രചാരണം കൊഴുപ്പിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാൻ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനെ ആയുധമാക്കുകയാണ് ഇടതുമുന്നണി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിരോധം ശക്തമാക്കാൻ യു.ഡി.എഫും ഒരുങ്ങുന്നു.
പാലം അഴിമതി സമൂഹത്തിന് ബോദ്ധ്യപ്പെട്ടതിനാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കാൻ പഴുതില്ലെന്ന് സി.പി.എമ്മും ഇടതുകേന്ദ്രങ്ങളും വിലയിരുത്തുന്നു. കേസന്വേഷണം അന്തിമഘട്ടത്തിലായതിനാൽ അറസ്റ്റ് വിജിലൻസിന്റെ സ്വാഭാവിക നടപടിയാണെന്നാണ് വാദം. മുൻ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജടക്കം നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്. അതിനാൽ രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷവാദം വിലപ്പോകില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ ഇതൊരു പിടിവള്ളിയാണ്.
എന്നാൽ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, കിഫ്ബി തുടങ്ങി സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് അറസ്റ്റെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമായതിനാൽ ഇത് ഉപയോഗിച്ച് പ്രത്യാക്രമണം ശക്തമാക്കാൻ ഇന്നലെ അടിയന്തര ഓൺലൈൻ കൂടിയാലോചനയിൽ യു.ഡി.എഫ് നേതാക്കൾ തീരുമാനിച്ചു.
ഇബ്രാഹിംകുഞ്ഞ് കുറേക്കാലമായി അറസ്റ്റിന്റെ നിഴലിലായിരുന്നെങ്കിലും ഇന്നലത്തെ നാടകീയനീക്കങ്ങൾ സംശയാസ്‌പദമാണെന്ന് യു.ഡി.എഫ് കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിലുണ്ടായ തിരിച്ചടിയിൽ തളരാതെ രാഷ്ട്രീയ പ്രത്യാക്രമണം നടത്താനാണ് തീരുമാനം.
ഇടതുമുന്നണി കരുതി വച്ച അറസ്റ്റ് ആയുധം തിരഞ്ഞെടുപ്പ് കാലത്ത് ഒന്നൊന്നായി പ്രയോഗിക്കുകയാണെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്. എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് ആയിരുന്നു ആദ്യ വെടി. ഇപ്പോൾ ഇബ്രാഹിംകുഞ്ഞിനെയും അറസ്റ്റ് ചെയ്‌തു. കെ.എം. ഷാജിയും എ.പി. അനിൽകുമാറും അറസ്റ്റിന്റെ നിഴലിലാണ്.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുന്ന യു.ഡി.എഫ്, കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയനീക്കമാണെന്ന തങ്ങളുടെ ആക്ഷേപത്തെ എതിർക്കുന്നതെന്തിനെന്നാണ് ഇടതുകേന്ദ്രങ്ങളുടെ ചോദ്യം. പാലാരിവട്ടം പാലവും ജുവലറി തട്ടിപ്പും ഇനി സജീവ ചർച്ചയാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയും വികസനനേട്ടങ്ങളും പാലാരിവട്ടം പാലത്തിന്റെ പുതുക്കിപ്പണിയലും ശക്തമായ പ്രചരണായുധമാക്കാനും ശ്രമമുണ്ട്.
അതേസമയം, സർക്കാരിനും പ്രതിപക്ഷത്തിനും എതിരെയുള്ള കേസുകളും വിവാദങ്ങളും ആയുധമാക്കി ഇരുമുന്നണികളും സംശയനിഴലിലാണെന്ന് പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.