vote

തിരുവനന്തപുരം:കൊവിഡ് ബാധിതരെ വോട്ടുചെയ്യിക്കാനുള്ള നടപടികളിൽ ഇപ്പോഴും ആശയക്കുഴപ്പം.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിതരുടെ വീട്ടിലെത്തി തപാൽ വോട്ട് ചെയ്യിക്കുന്നതിനുള്ള സാദ്ധ്യതയും തേടുന്നുണ്ട്. വോട്ടെടുപ്പിന്റെ മൂന്നു ദിവസം മുമ്പുവരെ തപാൽ വോട്ടിന് അപേക്ഷിക്കാനുള്ള സംവിധാനം അംഗീകരിച്ചിരുന്നു.

തപാൽ വോട്ടിന്റെ വ്യാപ്തി വിപുലമാക്കി സർക്കാർ ഒാർഡിനൻസും ഇറക്കി.

വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് കൊവിഡ് ബാധിച്ചവർ,അതിനുശേഷം വോട്ടെടുപ്പ് ദിവസം വരെ കൊവിഡ് ബാധിച്ചവർ എന്നിങ്ങനെ രണ്ടായി തിരിച്ച് വോട്ടെടുപ്പിന് അവസരമൊരുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് നൽകിയ നിർദേശത്തിലുള്ളത്.

വീടുകളിൽ ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നതാണ് ഒരു മാർഗം. എസ്.എം.എസ് മുഖേന അറിയിച്ചശേഷം പൊലീസ് സുരക്ഷയോടെ തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ട് കവറുകൾ, അപേക്ഷാ ഫോറം എന്നിവയുമായി പ്രിസൈഡിംഗ് ഓഫീസർ പദവിയിലുള്ള ഉദ്യോഗസ്ഥൻ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിച്ച് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണം. വോട്ടറെ കാണാനായില്ലെങ്കിൽ രണ്ടാമതും എത്തണം. രണ്ടാം വരവിലും കണ്ടില്ലെങ്കിൽ പിന്നീട് അവസരമുണ്ടാകില്ല.

തപാൽ വോട്ടിന് അർഹതയുള്ളവരെ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ പോളിംഗിന് പത്ത് ദിവസം മുൻപുള്ള കൊവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കും. ആറ് ദിവസം നിരീക്ഷിച്ച് വിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. ഇത് അംഗീകരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. അന്ധത പോലുള്ള വൈകല്യമുള്ളവർക്ക് സഹായിയെ തേടാവുന്നതാണ്. ക്രോസ്, ടിക് മാർക്കിലൂടെ വോട്ട് രേഖപ്പെടുത്താം.

വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് പോസിറ്റീവാകുന്ന വിഭാഗത്തിലുള്ളവർക്ക് പോളിംഗിന്റെ അവസാനത്തെ മണിക്കൂറിൽ ബൂത്തിലെത്തി വോട്ടു ചെയ്യിക്കുന്നതും പരിഗണനയിലുണ്ട്. പോളിംഗിന് തൊട്ട് മുൻപ് പോസിറ്റീവാകുന്നവർ സർക്കാർ ആശുപത്രിയിലാണെങ്കിൽ ബൂത്തിലെത്തിക്കാൻ ക്രമീകരണം ഒരുക്കും. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ സ്വമേധയാ എത്തേണ്ടിവരും.

വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് തപാൽ വോട്ട് അവസാനിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെങ്കിലും തലേന്നുവരെ അവസരം നൽകാനാണ് കമ്മിഷന് താത്പര്യം.