തിരുവനന്തപുരം: കേരള സർവകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട കൗൺസലിംഗ് 23 മുതൽ 25 വരെ നടത്തും. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 101 മുതൽ 200 വരെയുള്ളവരാണ് ഹാജരാകേണ്ടത്. ആദ്യ 2 ഘട്ട കൗൺസലിംഗുകളിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരമില്ല. എന്നാൽ ആദ്യ 2 ഘട്ടങ്ങളിൽ കോളേജിൽ ഹാജരായിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇക്കുറി സീറ്റൊഴിവുണ്ടെങ്കിൽ പങ്കെടുക്കാം. സീറ്റൊഴിവുകളുടെ വിവരം വെബ്സൈറ്റിലുണ്ട്.
എല്ലാ കോളേജുകളിലും ഒരു കോഴ്സിന് ഒരേ ഷെഡ്യൂളിൽ തന്നെയാണ് കൗൺസലിംഗ്. ഒന്നിൽ കൂടുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസലിംഗിൽ പങ്കെടുക്കാൻ രക്ഷാകർത്താവ്/പ്രതിനിധിയുടെ സഹായം തേടാം. പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർത്ഥി ഒപ്പിട്ട ഓതറൈസേഷൻ ലെറ്റർ എന്നിവ ഹാജരാക്കണം. റാങ്ക് വിളിക്കുന്ന സമയം ആരും ഹാജരില്ലെങ്കിൽ അടുത്തയാളെ വിളിക്കും. പിന്നീട് അവസരമുണ്ടാകില്ല.
വിദ്യാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളേജിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർത്ഥി അസൽ സർട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കണം. നിലവിൽ മറ്റേതെങ്കിലും കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവർ അഡ്മിറ്റ് മെമ്മോ നൽകണം. അങ്ങനെയുള്ളവർക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിച്ചാൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി നടപടികൾ പൂർത്തിയാക്കണം. വിശദ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ.
ബി.എസ്.സി നഴ്സിംഗ് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം:പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ 19 ന് (ഇന്ന്) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. ഓപ്ഷൻ സമർപ്പണത്തിനുള്ള അവസാന തീയതി നവംബർ 22ന് വൈകിട്ട് അഞ്ചു മണി
എ.ജെ കോളേജിൽ ഡിഗ്രി പ്രവേശനം
തിരുവനന്തപുരം: തോന്നയ്ക്കൽ എ.ജെ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പുതുതായി അനുവദിച്ച ബി.എ ഇക്കണോമിക്സ് കോഴ്സിലേക്ക് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471 2618106, 2618644.
പി.എസ്.സി 81 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 81 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് 16.11.2020 തീയതിയായാണ് വിജ്ഞാപനം. മത്സ്യഫെഡിലെ നിയമനം പി.എസ്.സി യ്ക്കു വിട്ടതിന് ശേഷമുള്ള ആദ്യവിജ്ഞാപനവും ഇവയോടൊപ്പമുണ്ട്. 12 തസ്തികകളിലാണ് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനം. ഇവ കൂടാതെ കേരള വാട്ടർ അതോറിട്ടിയിൽ ഓപ്പറേറ്റർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ വുമൺ (ട്രെയിനി) തുടങ്ങിയ തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർ (പാലക്കാട്), ട്രൈബൽ വാച്ചർ (വയനാട്) തസ്തികകളിലേക്ക് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് കൂടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി: ഡിസംബർ 23.