issac

തിരുവനന്തപുരം:കിഫ്ബിക്കെതിരായ സി. എ.ജി റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ നിയമസഭയുടെ അവകാശം ലംഘിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് എത്രയും വേഗം വിശദീകരണം നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. തീയതി പറഞ്ഞിട്ടില്ല.

ഇ.ഡിക്കെതിരായ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് റഫർ ചെയ്ത സ്പീക്കർ, പക്ഷേ ഐസക്കിന്റെ നോട്ടീസിൽ നേരിട്ട് വിശദീകരണം തേടിയതിൽ വൈരുദ്ധ്യമുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.

നിയമസഭയിൽ വയ്ക്കേണ്ട അന്തിമറിപ്പോർട്ട് ചോർത്തിയ ധനമന്ത്രി അവകാശലംഘനം നടത്തിയെന്നും അടിയന്തരമായി ഇടപെടണമെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പുറത്തുവിട്ടത് സി.എ.ജിയുടെ അന്തിമ റിപ്പോർട്ടാണെന്ന് സമ്മതിക്കേണ്ടി വന്നതോടെയാണ് മന്ത്രി അവകാശലംഘനക്കുരുക്കിലായത്.

അടുത്ത വർഷം ആദ്യം ബഡ്ജറ്റ് സമ്മേളനത്തിൽ സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്‌ക്കേണ്ടതാണ്. അതിന് മുമ്പുതന്നെ റിപ്പോർട്ട് ചോർച്ചയിൽ മന്ത്രിക്കെതിരായ നടപടി സ്‌പീക്കർ സഭയെ അറിയിക്കണം.

അതേസമയം, അവകാശലംഘനത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും നടപടിക്രമത്തിൽ പിഴവുണ്ടെങ്കിൽ സഭയിൽ ചർച്ച ചെയ്ത് നടപടിയെടുക്കാമെന്നുമാണ് ഇന്നലെ തോമസ് ഐസക് പറഞ്ഞത്. രാജ്യത്ത് ഒരു മന്ത്രിയും ഇങ്ങനെ അവകാശലംഘനം നടത്തിയിട്ടില്ലാത്തതിനാൽ വിശദീകരണം തേടുകയല്ല, മന്ത്രിക്കെതിരെ നടപടിയെടുക്കുകയാണ് സ്പീക്കർ ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വി.ഡി. സതീശന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ കൈമാറാത്തതിനാൽ ഇന്നലെ യോഗം ചേർന്ന സമിതി മുമ്പാകെ അതെത്തിയില്ല.

ശിക്ഷാ നടപടികൾ

മന്ത്രിയുടെ വിശദീകരണം പരിശോധിച്ച് ചട്ടലംഘനം കണ്ടാൽ സ്പീക്കർക്ക് നേരിട്ട് നടപടിയെടുക്കാം. അല്ലെങ്കിൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറി അവരുടെ ശുപാർശയനുസരിച്ച് നടപടിയെടുക്കാം. താക്കീത്, ശാസന, ഉഗ്രശാസന, സസ്പെൻഷൻ എന്നിവയാണ് ശിക്ഷ.