സാഹിത്യം: ഇഷ്ട പുരുഷന്മാർ
സാഹിത്യത്തിൽ എന്നെ ഏറെ വിസ്മയിപ്പിച്ച കഥാപാത്രം 'ആരോഗ്യനികേതന"ത്തിലെ ജീവൻമശായി ആണ്. നാഡിപിടിച്ചു നോക്കി മരണ ദേവതയുടെ വരവ് കൃത്യമായി അറിയുന്ന ആ കഥാപാത്രത്തെ സൃഷ്ടിച്ചതുകൊണ്ടാണ് താരാശങ്കർ ബാനർജി എനിക്ക്പ്രിയപ്പെട്ട എഴുത്തുകാരനായത്. പക്ഷേ, എന്റെ കൗമാരകാലത്ത് പ്രണയംകൊണ്ട് എന്നെ ത്രസിപ്പിച്ചത് സി.വി.രാമൻപിള്ള എഴുതിയ 'മാർത്താണ്ഡ വർമ്മ"യിലെ അനന്തപദ്മനാഭനാണ്. ആ കഥാപാത്രത്തിന്റെ ധീരോദാത്തതയാണ് എനിക്ക് ആകർഷകമായി അനുഭവപ്പെട്ടത്. എന്നാൽ ആനന്ദിന്റെ 'അഭയാർത്ഥികളി'ലെ ഗൗതമനെ ഞാൻ സത്യമായി ഇപ്പോഴും പ്രണയിക്കുന്നുണ്ട്. പ്രണയം മൂത്ത് 'ഗൗതമന്റെ കാമുകി" എന്നൊരു കഥ തന്നെയും ഞാൻ എഴുതുകയുണ്ടായി.
എന്നെ വിസ്മയിപ്പിച്ച മറ്റൊരു കഥാപാത്രം പദ്മരാജന്റെ പ്രതിമയും രാജകുമാരിയും എന്ന നോവലിലെ ചുപ്പനാണ്. ഈ ലോകത്തിന്റെ പരിമിതികളെ അതിലംഘിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന ആർക്കും ഈ കഥാപാത്രം ഏറെ പ്രിയപ്പെട്ടതായിരിക്കും. ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്നൊരു ചൊല്ലുണ്ടെങ്കിലും വായിച്ചിട്ടുള്ള സാഹിത്യ കൃതികളിലെ പുരുഷ കഥാപാത്രങ്ങളോട് തോന്നുന്ന ഇഷ്ടം ഒരിക്കലും അസ്തമിക്കില്ല എന്നൊരു മെച്ചമുണ്ട്. ജീവിതത്തിലെ പച്ചപ്പ് നിലനിറുത്താൻ ഈ ഇഷ്ടത്തിന് കഴിയും.