തിരുവനന്തപുരം: അന്വേഷണത്തിന്റെ പേരിൽ ലൈഫ് മിഷന്റെ പ്രവർത്തനം തടസപ്പെടുത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നുവെന്ന ജെയിംസ് മാത്യു എം.എൽ.എയുടെ പരാതിയിലുള്ള മറുപടി ചോർന്നതിൽ ഇ.ഡിയോട് വിശദീകരണം തേടാൻ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം.
ഇ.ഡിയുടെ മറുപടിയുടെ ഉള്ളടക്കം പരിശോധിക്കാതെ വിശദീകരണം തേടുന്നത് ചോർച്ച ചർച്ചയാക്കി വിഷയം വലിച്ചുനീട്ടി അന്വേഷണം തടസപ്പെടുത്താനാണെന്ന് യു.ഡി.എഫ് അംഗങ്ങളായ വി.എസ്. ശിവകുമാറും അനൂപ് ജേക്കബും വാദിച്ചു. അത് തള്ളി ഇ.ഡിയോട് വിശദീകരണം തേടാൻ സമിതി ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനിക്കുകയായിരുന്നു.
ലൈഫ് പദ്ധതിയുടെ ഫയലുകൾ വിളിച്ചുവരുത്താനുള്ള തീരുമാനത്തിനെതിരെ ജെയിംസ് മാത്യു എം.എൽ.എ സ്പീക്കർക്ക് നൽകിയ പരാതിയാണ് അദ്ദേഹം എത്തിക്സ് കമ്മിറ്റിക്ക് റഫർ ചെയ്തതും സമിതി ഇ.ഡിയോട് വിശദീകരണം തേടിയതും.
നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി ഏത് ഫയലും വിളിച്ചുവരുത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ മറുപടി. അത് സഭാസമിതി പരിശോധിക്കും മുമ്പ് മാദ്ധ്യമങ്ങൾക്ക് ചോർന്നത് അവകാശ ലംഘനമാണെന്നാണ് സമിതി നിലപാട്. അതിലാണ് വിശദീകരണം തേടുന്നത്.
എം.സി. ഖമറുദ്ദീനെതിരായ പരാതിയിൽ കൂടുതൽ രേഖകളുമായി സി.പി.എം എം.എൽ.എ എം. രാജഗോപാലൻ ഇന്നലെ സമിതിയിൽ ഹാജരായി. അത് പരിശോധിച്ച് സമിതി നടപടിയെടുക്കും.
നിയമസഭാസമിതിയെ സർക്കാരിന്റെ ചട്ടുകമാക്കുകയാണെന്ന് യോഗത്തിന് ശേഷം അനൂപ് ജേക്കബ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഇ.ഡിയുടെ അന്വേഷണത്തെ ഇപ്പോഴത്തെ നീക്കങ്ങൾ അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡിക്കെതിരെ ബിനീഷ്
ഹൈക്കോടതിയിൽ
ബംഗളുരു: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും നടപടികളും ചോദ്യം ചെയ്ത് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് കോടതി പരിഗണിക്കും. അതിനിടെ, തെളിവുകൾ സമർപ്പിക്കാൻ ഇ.ഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷൻസ് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. സാമ്പത്തിക ഇടപാട് മാത്രം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.
എന്നാൽ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇ.ഡി വാദിച്ചു.
പരപ്പന അഗ്രഹാര ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യംചെയ്യുന്നത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ തുടരുകയാണ്. മുഹമ്മദ് അനൂപിന്റെ മയക്കുമരുന്നിടപാടുകളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് ബിനീഷ് പണം നൽകി സഹായിച്ചതെന്ന് വ്യക്തമായാൽ എൻ.സി.ബി ബിനീഷിനെ അറസ്റ്റ് ചെയ്യും.