തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള വനവകുപ്പ് ഉത്തരവ് ആറു മാസം കൂടി നീട്ടി. കഴിഞ്ഞ ദിവസമാണ് ഉത്തരവിന്റെ കാലാവധി അവസാനിച്ചത്. പന്നിശല്യം രൂക്ഷമായതിനാൽ ഉത്തരവ് നീട്ടണമെന്ന് കർഷകരുടെ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 18 മുതൽ ആറുമാസത്തേക്കാണ് കാലാവധി നീട്ടിയത്.
തോക്കു ലൈസൻസുള്ള കർഷകർക്ക് കാട്ടുപന്നിയെ വെടിവയ്ക്കാൻ ആറുമാസത്തേക്ക് അനുമതി നൽകി മേയ് 18നാണ് വനംവകുപ്പ് ആദ്യം ഉത്തരവിട്ടത്. ഗ്രാമപഞ്ചായത്തുകൾ നൽകുന്ന തോക്കുലൈസൻസുള്ള കർഷകരുടെ പട്ടിക അതത് വനംവകുപ്പ് ഓഫീസുകൾ അംഗീകരിച്ചാണ് അനുമതി നൽകുന്നത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ കൊന്നശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അറിയിക്കണം. പന്നിയെ കൊല്ലുന്നവർക്ക് വനം വകുപ്പ് ആയിരം രൂപയും നൽകും.
പന്നികളുടെ ശല്യം കുറയാത്തതിനാൽ പന്നികളെ ശല്യകാരിയായ മൃഗമായി പ്രഖ്യാപിച്ച് വ്യാപകമായി കൊന്നൊടുക്കാൻ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുകയാണ് വനം വകുപ്പ്. ഒരു മാസത്തിനകം അനുമതി പ്രതീക്ഷിക്കുന്നു.