തിരുവനന്തപുരം: ജയിൽ ചട്ടം ലംഘിച്ച് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും വേണ്ടി പ്രധാനപ്പെട്ട ആളുകൾ അട്ടക്കുളങ്ങര ജയിലിൽ സ്വപ്ന സുരേഷിനെ സന്ദർശിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ധനമന്ത്രിയുടെ വിദേശത്തെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കണം. ശിവശങ്കറിനെയും സ്വപ്നയെയും സഹായിച്ച ചാർട്ടേഡ് അക്കൗണ്ട് തന്നെയാണ് കിഫ്ബിയിലും ഓഡിറ്റിംഗ് നടത്തിയതെന്ന വിവരം പുറത്തുവന്നതോടെ സ്വർണക്കടത്തിലെ പലർക്കും കിഫ്ബിയുമായുള്ള ബന്ധം പുറത്തായി. സ്വപ്നയും ഐസക്കും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കിയാണ് മന്ത്രി കിഫ്ബി പദ്ധതികൾ നടപ്പാക്കിയത്. ധനകാര്യവകുപ്പിന്റെ പ്രവാസി ചിട്ടിയിൽ വലിയ തട്ടിപ്പാണ് നടക്കുന്നത്. കേന്ദ്ര അന്വേഷണം കിഫ്ബിയിലും വന്നേക്കുമെന്ന ഭയമാണ് ഐസക്കിനെ സി.എ.ജിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഐസക്കിന് ശിവശങ്കറുമായും നല്ല ബന്ധമാണുള്ളത്. സംസ്ഥാന സർക്കാരിനെയും മന്ത്രിസഭയേയും നോക്കുകുത്തിയാക്കിയാണ് മന്ത്രി കിഫ്ബി പദ്ധതികൾ നടപ്പാക്കിയത്. ഐസക്കിന്റെ ഈ ഏകപക്ഷീയമായ നടപടിയിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. കിഫ്ബി എന്നത് പണം വിഴുങ്ങുന്ന ബകനാണെന്ന മന്ത്രി ജി.സുധാകരന്റെ പ്രയോഗവും സി.എ.ജിയാണ് സംസ്ഥാന പദ്ധതിയെ കുറിച്ച് അന്വേഷിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതാണ് തെളിയിക്കുന്നത്.
കെ. സുരേന്ദ്രനെതിരെ ഋഷിരാജ് സിംഗ്
ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. സ്വർണ കടത്ത് കേസ് പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രനയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്നും ഇതിന് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
പ്രതിയുടെ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്കു മാത്രമാണ് സന്ദർശനത്തിന് അനുമതി നൽകിയതെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. ജയിൽ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ബുധനാഴ്ച 3 മണിക്കാണ് സന്ദർശനം നടന്നത്. ഈ വിവരങ്ങൾ ജയിലിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ മനസിലാകുമെന്നും ഋഷിരാജ് സിംഗ് പറയുന്നു.