ചരിത്രം പരിശോധിക്കുകയാണെങ്കിൽ നമുക്ക് ആരാധന തോന്നുന്ന ഒരുപാട് പുരുഷന്മാരുണ്ട്. നവോത്ഥാന നായകർ, രാഷ്ട്രീയ നേതാക്കൾ, മത രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേരുടെ പല സ്വഭാവ സവിശേഷതകളും നമ്മെ ആകർഷിച്ചിട്ടുണ്ടാകും. അതിൽ ആരോടാണ് ഏറ്റവുമധികം ആരാധന തോന്നിയതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, മഹാത്മാഗാന്ധി. രാഷ്ട്രീയ കാഴ്ചപ്പാട്, സാമൂഹിക കാഴ്ചപ്പാട്, ആത്മീയത തുടങ്ങി എല്ലാ തലങ്ങളിലും മാതൃകയാക്കാവുന്ന വലിയ പാഠശാലയാണ് അദ്ദേഹം. കാലങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടില്ല.
പുരുഷൻ എന്ന രീതിയിൽ എനിക്ക് അദ്ദേഹത്തിൽ ഏറ്റവും ആകർഷകമായി തോന്നിയ ഘടകം തീരുമാനങ്ങളെടുക്കുന്നതിലെ ദൃഢതയാണ്. ദൃഢമായ തീരുമാനങ്ങൾ കൊണ്ട് ചരിത്രത്തെത്തന്നെ വഴിതിരിച്ചുവിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതേസമയം ആ തീരുമാനങ്ങളൊന്നും ആരെയും ഉപദ്രവിക്കുന്നതായിരുന്നില്ല. അവ സമൂഹത്തിൽ അഹിംസയ്ക്ക് കാരണമായില്ല. കൃത്യമായ ലക്ഷ്യബോധത്തോടെ, സമൂഹത്തെ മുഴുവൻ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് സ്വാതന്ത്ര്യമെന്ന അവബോധം ആളുകളിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ത്യയെന്ന ഒരുപാട് വ്യത്യസ്തതകളുള്ള രാജ്യം ഇന്നും ഒന്നായി നിൽക്കുന്നതിനുള്ള പ്രധാനകാരണം ഗാന്ധിജിയെപോലെ ഒരു നേതാവിന്റെ സാന്നിദ്ധ്യമാകാം. ഗാന്ധിജി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയെന്ന രാജ്യത്തിന്റെ വർത്തമാനവും ഭാവിയും മറ്റൊന്നാകുമായിരുന്നു.
(സഹകരണ വകുപ്പ് സെക്രട്ടറിയാണ് ലേഖിക)