dddddd

തിരുവനന്തപുരം:ശക്തരായ ജനകീയ സ്ഥാനാർത്ഥികളെ മുൻനിറുത്തി കോർപറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് മൂർച്ചകൂട്ടി മുന്നണികൾ സജീവമായി. തിരഞ്ഞെടുപ്പ് ഗോദയിൽ പോരാടാനെത്തുന്നവർ ആരൊക്കെയാണെന്നുള്ള ചിത്രം ഇന്നത്തോടെ തെളിയും. നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്നവസാനിക്കാനിക്കെ മുന്നണികൾക്ക് ആശങ്കയും ആകാംക്ഷയും കൂടിയിട്ടുണ്ട്. തലസ്ഥാന നഗരത്തിന്റെ ഭരണം നിലനിറുത്തുകയെന്നത് എൽ.ഡി.എഫിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണെങ്കിൽ സംസ്ഥാനത്ത് പാർട്ടിക്കു ശക്തമായ സ്വാധീനമുള്ള തലസ്ഥാന നഗരത്തിന്റെ ഭരണം പിടിച്ചെടുക്കുകയെന്നത് ബി.ജെ.പിയുടെ മുഖ്യ ലക്ഷ്യമാണ്. ഭരണം പിടിക്കാൻ അനുകൂല സാഹചര്യമാണിപ്പോഴുള്ളതെന്ന് യു.ഡി.എഫും കരുതുന്നു. അതുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് തലസ്ഥാന കോർപറേഷനിലായിരിക്കും.ആദ്യഘട്ട പ്രചാരണങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയും കുതിച്ചപ്പോൾ കിതച്ചുപോയത് യു.ഡി.എഫാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഇരു മുന്നണികളും ബഹുദൂരം മുന്നിലെത്തിയപ്പോൾ യു.ഡി.എഫിന് ഗ്രൂപ്പ് തർക്കങ്ങൾ വിലങ്ങുതടിയായി. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ അവർക്കൊപ്പം എത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാൻ എൽ.‌ഡി.എഫ്

ഇത്തവണ അമ്പത് സീറ്റുകൾക്ക് മുകളിൽ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന് രാഷ്ട്രീയത്തിനതീതമായി വോട്ടു നേടാൻ കഴിയുന്ന പാർട്ടി അനുഭാവികളടക്കമുള്ളവരെ രംഗത്തിറക്കിയിട്ടുമുണ്ട്. ഭൂരിപക്ഷം വാർഡുകളിലും യുവതീ-യുവാക്കൾ സ്ഥാനാർത്ഥികളായെത്തിയത് എൽ.ഡ‌ി.എഫിന് കരുത്താകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പ്രമുഖ മേയർ സ്ഥാനാർത്ഥികളടക്കമുള്ളവർ പരാജയപ്പെട്ടിരുന്നു.ഇത്തവണ ഇൗ പാഠം ഉൾക്കൊണ്ടാണ് നീക്കങ്ങൾ.മേയർ സീറ്റും വനിതാ സംവരണമായതോടെ പുതുമുഖങ്ങളെ ഇൗ സ്ഥാനത്തേക്ക് പരീക്ഷിക്കാനും തീരുമാനമുണ്ട്. മുൻ വർഷത്തെ വികസനനേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ഇടതുപക്ഷം വോട്ടഭ്യർത്ഥിക്കുന്നത്.

വോട്ട് കൂട്ടി, ഭരണം പിടിക്കാൻ ബി.ജെ.പി

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വോട്ടുകൾക്കാണ് ബി.ജെ.പി പല വാർഡുകളിലും പരാജയപ്പെട്ടത്.100ൽ താഴെ വോട്ടുകൾക്ക് 20ഓളം വാ‌ർഡുകളിൽ ബി.ജെ.പി പരാജയം രുചിച്ചു.എന്നാൽ ഒട്ടും പ്രതീക്ഷപുലർത്താതിരുന്ന വാ‌ർഡുകളിൽ ജയിച്ചതും രണ്ടാമതെത്തിയതും മുന്നണിക്ക് ഏറെ ഉൗർജം പകർന്നു. നിസാര വോട്ടുകൾക്കുള്ള തോൽവി ഒഴിവാക്കാനായാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നേടാം എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. നേമം,വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽനിന്നു പരമാവധി വാർഡുകൾ നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ യു.ഡി.എഫ്

ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം ചർച്ചയാക്കിയും കഴിഞ്ഞ വർഷത്തെ വികസനമുരടിപ്പ് ഉയർത്തിക്കാട്ടിയും വോട്ടുറപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.കഴിഞ്ഞ തവണ എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും ഉദ്ഘാടനങ്ങൾ പലതും കടലാസിൽ ഒതുങ്ങിയെന്നുമാണ് യു.ഡി.എഫിന്റെ അവകാശവാദം. വാഗ്ദാന ലംഘനങ്ങൾ എണ്ണിപ്പറഞ്ഞാണ് വേട്ടഭ്യർത്ഥനയും. അതേസമയം കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തിലടക്കമുണ്ടായ അതേ പാളിച്ചകളാണ് ഇത്തവണയും യു.ഡി.എഫിനെ വേട്ടയാടുന്നത്. വിമതർ തലപൊക്കിയതും, ചില വാ‌ർഡുകളിൽ സ്വന്തം പ്രവർത്തകർ തന്നെ സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തെത്തിയതും പാർട്ടിക്ക് തിരിച്ചടിയായി. എന്നാൽ, പത്രികാ സമർപ്പണം കഴിയുന്നതോടെ അതെല്ലാം അവസാനിക്കുമെന്നും വിജയിക്കാൻ കഴിയുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ.