തിരുവനന്തപുരം: പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഒരു ഫോൺ. ഉപഗ്രഹ സിറ്റിക്കടുത്തുള്ള തീരദേശത്തെ പ്രവർത്തകരാണ്. ' നിങ്ങൾ എത്ര സ്ഥാനാത്ഥിയെയാണ് ഒരു വാർഡിൽ നിറുത്തുന്നത്?'' എന്തു പറ്റിയെന്ന് നേതാവ്. ആദ്യം പറഞ്ഞു... ആ റിട്ടേഡ് ഉദ്യോഗസ്ഥനാണ് സ്ഥാനാർത്ഥിയെന്ന്. നമ്മൾ ചുമരെഴുത്ത് തുടങ്ങി. ഇന്നലെ പറഞ്ഞു യുവനേതാവാണെന്ന്. നമ്മൾ പോസ്റ്ററുകൾ ഒട്ടിച്ചു. ഇപ്പോൾ പറയുന്നു ബസ് മുതലാളിയാകും സ്ഥാനാർത്ഥിയെന്ന്... നമ്മൾ എന്തു ചെയ്യണം?... എല്ലാം കലങ്ങിത്തെളിയുമെന്ന് ജില്ലാ നേതാവ്. അതിനു അപ്പുറത്തുനിന്നും സഭ്യമല്ലാത്ത മറുപടിയാണ് നേതാവ് കേട്ടതെന്നാണ് വിവരം. ഈ വാർഡിൽ വിപ്ലവ പ്രവർത്തകരുടെ കലിപ്പ് ഇപ്പോഴും തീർന്നിട്ടില്ലത്രേ. കഴിഞ്ഞതവണ പ്രവർത്തകർ ആർക്കെതിരെ വോട്ടു തേടിയോ അവർക്കുവേണ്ടി വോട്ടു പിടിക്കേണ്ട ഗതികേടാണ് ഇപ്പോൾ. കഴിഞ്ഞ തവണ വനിതാ വാർഡായിരുന്നു. അതേ പാർട്ടിയിൽ തുടർന്നാൽ സീറ്റ് കിട്ടില്ലെന്ന് കൗൺസിലർ ഉറപ്പിച്ചു. തിരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പ് കൊടി മാറ്റിപ്പിടിച്ചു. അത് വാർത്തയുമായി. വാർഡ് ജനറൽ ആയപ്പോൾ കരുത്തന്മാരായ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് റെഡി. ഒരു യോഗ്യനെ കണ്ടെത്തിയാൽ മതി. അപ്പോഴാണ് ജില്ലയിലെ കരുത്തനായ നേതാവ് പാർട്ടികൊടി മാറ്റിപ്പിടിച്ച മഹിളയ്ക്കു വേണ്ടി രംഗത്തെത്തിയത്. എതിർത്തവരെ ആ നേതാവ് ചെറുതായി ഒന്ന് വിരട്ടിയത്രേ. അപ്പോൾ മുഖം ചുവപ്പിച്ചവരെയെല്ലാം തണുപ്പിക്കാനാണ് ശ്രമം. പാർട്ടിയുടെ പേരിൽ നിറുത്തിയ സ്ഥാനാർത്ഥി തോറ്റാൽ പ്രവർത്തരെ കുറ്റം പറയരുതെന്ന് ചിലരൊക്കെ ജില്ലാ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. ചിലർക്ക് എങ്ങോട്ടു ചാടിയിട്ടാണെങ്കിലും അധികാരം കൈയാളിക്കൊണ്ടിരിക്കണം. ഒരു വാർഡ് വനിതാ സംവരണമാകുമ്പോൾ യോഗ്യയായ വനിതയെ കണ്ടെത്തി അവരെ നിർബന്ധിച്ചിട്ടാകും സ്ഥാനാർത്ഥിയാക്കുക. അടുത്ത തവണ ജനറൽ ആകുമ്പോൾ വനിത മാറാൻ കൂട്ടാക്കില്ല. ഒരു തീരദേശ വാർഡിൽ മത്സരിക്കണമെന്ന വാശിപിടിച്ച വനിതാ കൗൺസിലർക്ക് പാർട്ടി സീറ്റ് നിഷേധിച്ചു. അവർ വിട്ടുകൊടുത്തില്ല, സ്വതന്ത്ര സ്ഥാനാർത്ഥിയായി.