midhi

വെഞ്ഞാറമൂട്: ഇക്കഴിഞ്ഞ തിരുവോണദിവസം ഡി. വൈ.എഫ്. ഐ പ്രവർത്തകരായ മിഥിലാജിനെയും, ഹഖ് മുഹമ്മദിനെയും തേമ്പാമൂട് വെച്ച് വെട്ടി കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുറ്റപത്രം. ഒൻപതു പ്രതികളുള്ള കേസിന്റെ കുറ്റപത്രം ഇന്നലെ നെടുമങ്ങാട് ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചു. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും ഉന്നത ഗൂഢാലോചനയില്ലെന്നും ഹഖ് മുഹമ്മദും മിഥിലാജും പ്രതികളുടെ രാഷ്ട്രീയ വളർച്ചക്ക് തടസ്സമാകുമെന്നു കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഒൻപത് പ്രതികളും അറസ്റ്റിലായിരുന്നു.

മൂന്നു പേരാണ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തത്. 80 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കൊലപതകം, ഗൂഢാലോചന ഉൾപ്പെടെ പതിനൊന്ന് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2000 പേജുള്ള കുറ്റപത്രത്തിൽ 186 സാക്ഷികളുണ്ട്. കൊലപാതകത്തിന് ഒരു മാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഫൈസലും പ്രതികളിൽ ചിലരുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ സംഭവ വികാസങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം നടന്ന സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

റൂറൽ എസ്.പി അശോകന്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷ്, വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രതികൾ

പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), ചരുവിള പുത്തൻ വീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ സതി മോൻ (47), പാറവിളാകത്ത് വീട്ടിൽ അൻസർ (29), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) വാഴവിള ചരുവിളവീട്ടിൽ ഉണ്ണി (49)