തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ രാജ്യാന്തരയാത്രക്കാർക്ക് മദ്യം വിറ്റെന്ന വ്യാജരേഖയുണ്ടാക്കി ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ച കേസിൽ രണ്ടുവർഷമായി ഒളിവിലായിരുന്ന ഒന്നാംപ്രതി കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ്ജ് സി.ബി.ഐക്ക് മുന്നിൽ ഹാജരായി.
മദ്യം കടത്താനായി രാജ്യാന്തര യാത്രക്കാരുടെ വിവരം വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് 'പ്ലസ് മാക്സിനു' നൽകിയത് ലൂക്ക് കെ. ജോർജ് ആണെന്ന് കസ്റ്റംസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിലാണ് വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കിയത്. ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
2017 സെ്റ്റപംബർ ഒന്നിനും ഡിസംബർ 15–നും ഇടയിലുള്ള രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ പ്ലസ് മാക്സ് സി.ഇ.ഒ ആർ.സുന്ദരവാസൻ എയർലൈൻസുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് എയർലൈൻസുകൾ തള്ളി. പിന്നീട്, ലൂക്ക് കെ. ജോർജ് ഇതേ ആവശ്യം എയർലൈൻസുകളോട് ഉന്നയിച്ചു. രേഖാമൂലം ആവശ്യപ്പെടണമെന്ന് എയർലൈൻസുകൾ മറുപടി നൽകി. കേസ് അന്വേഷണത്തിനായി യാത്രക്കാരുടെ വിവരം നൽകണമെന്നു ഡിസംബർ 18–നു ഇ - മെയിൽ വഴി 17 എയർലൈൻസുകളോട് ആവശ്യപ്പെട്ടു.
ലൂക്ക് വിവരങ്ങൾ ശേഖരിക്കുന്നതറിഞ്ഞ്, കസ്റ്റംസ് അസി. കമ്മിഷണർ ഡിസംബർ 26–നു താക്കീതു നൽകിയിരുന്നു. കസ്റ്റംസിന്റെ ശുപാർശപ്രകാരം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ലൂക്കിനെ ഒന്നാംപ്രതിയാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. രണ്ടുവർഷം ജോലിക്ക് ഹാജരാകാതിരുന്നതിനാൽ ലൂക്കിനെ പിടികിട്ടാപ്പുള്ളിയായാണ് കസ്റ്റംസ് കണക്കാക്കുന്നത്.