തളിപ്പറമ്പ്: അനധികൃത ചെങ്കൽ ഖനനം നടത്തിയ ആറ് കല്ലുവെട്ട് മെഷീനുകൾ പിടിച്ചെടുത്തു. ചുഴലി വില്ലേജിലെ മാവിലൻപാറയിൽ ദേവസ്വം ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നു എന്ന പരാതിയെ തുടർന്ന് റവന്യൂ - പൊലീസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മെഷീനുകൾ പിടിച്ചെടുത്തത്.
പ്രദേശത്ത് തളിപ്പറമ്പ് തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ചുഴലി വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നല്കുകയും ചെയ്തിരുന്നു. തുടർന്നും ഖനനം നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ ടി. മനോഹരൻ, ടി.വി. കൃഷ്ണരാജ്, റവന്യൂ ഇൻസ്പെക്ടർ ഇ. ബിജു, റവന്യൂ ഉദ്യോഗസ്ഥരായ ഒ. നാരായണൻ, എ.പി. രാജൻ, പി.ടി സുനിൽകുമാർ , കെ. ബാലകൃഷ്ണൻ, ചുഴലി വില്ലേജ് ഓഫീസർ ടി.വി. രാജേഷ്, ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വി.വി.ബിജു, ജിമ്മി മാത്യു എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് തഹസിൽദാർ പി.കെ. ഭാസ്കരൻ അറിയിച്ചു.