തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാസമർപ്പണം ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് രംഗത്തിന് ചൂടേറും. സ്ഥാനാർത്ഥികളെക്കുറിച്ച് തീരുമാനമാകാതിരുന്ന പല വാർഡുകളിലും ഇന്നലെ അവസാന നിമിഷവും സ്ഥാനാർത്ഥികൾ മാറിമറിഞ്ഞു. ചില വാർഡുകളിൽ സ്ഥാനാർത്ഥിയായി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരുന്നവർ അവസാന നിമിഷം പിന്മാറേണ്ടി വന്നു.ജില്ലയിലെ ചില പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി നിർണയം രാത്രി വൈകിയും തുടർന്നു.നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. ഇതോടെ മത്സരത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകുമെങ്കിലും 23 വരെ പത്രിക പിൻവലിക്കാനുള്ള സമയമുള്ളതിനാൽ പൂർണചിത്രം തെളിയാൻ കാത്തിരിക്കണം.
വിമതന്മാരെ ഒതുക്കാൻ നാളെ മുതൽ മുന്നണികളും സ്ഥാനാർത്ഥികളും ശ്രമം നടത്തും.വോട്ടർമാരെ ആകർഷിക്കാനും അനുകൂലമായ തരംഗം ഉണ്ടാക്കാനും സ്ഥാനാർത്ഥികൾ തന്ത്രങ്ങളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.നോമിനേഷൻ സമർപ്പിച്ചവർ ഇന്ന് വാർഡുകളിൽ സജീവമാകും. വോട്ടർമാരുടെ വെരിഫിക്കേഷൻ പൂർത്തീകരിച്ച ശേഷം, കിട്ടുന്ന വോട്ടുകളുടെ എണ്ണം മനസിലാക്കി അതനുസരിച്ചാകും ഇനിയുള്ള കാൻവാസിംഗ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരുടെ നേതൃത്വത്തിൽ കണക്കുകൾ വിലയിരുത്തി ചർച്ചചെയ്യും.
പിന്നാക്കക്കാരന് അവസാന നിമിഷം
സീറ്റ് നിഷേധിച്ചത് വിവാദമായി
തിരുവനന്തപുരം : കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയും വ്യാപാരിവ്യവസായി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ഈഴവ സമുദായംഗത്തിന് തീരുമാനിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സീറ്റ് അവസാന നിമിഷം നിഷേധിച്ചത് വിവാദമായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ചക്രപാണിപുരം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പേര് ആദ്യ ഘട്ടത്തിൽ നിർദ്ദേശിച്ചിരുന്ന എൻ.രാജേന്ദ്രബാബുവിനാണ് ഇന്നലെ സീറ്റ് നിഷേധിച്ചത്. തീരുമാനം മാറിയതോടെ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപിച്ചിരുന്ന രാജേന്ദ്രബാബുവിന്റെ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ നീക്കം ചെയ്തു.യുവനേതാവായ അജികുമാറിനാണ് ഒടുവിൽ സീറ്റ് നൽകിയത്. ഇരുവർക്കും വേണ്ടി ദിവസങ്ങൾ നീണ്ട ചർച്ചകളാണ് പാർട്ടിയിൽ നടന്നത്. തീരുമാനം വന്നതോടെ കോൺഗ്രസിലെ ഒരുവിഭാഗം പേർ പ്രതിഷേധവുമായി രംഗത്തുണ്ട്.