കയ്പമംഗലം: മൂന്നുപീടികയിൽ സ്‌കൂട്ടർ യാത്രക്കാരിയായ അസി. ബാങ്ക് മനേജരെ മറ്റൊരു സ്‌കൂട്ടറിൽ പിൻതുടർന്ന് ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയും, പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞു മാല പൊട്ടിക്കുകയും ചെയ്ത ഇരുചക്ര വാഹന മോഷ്ടാക്കളുമായ മൂന്നു യുവാക്കൾ അറസ്റ്റിൽ. നാട്ടിക സ്വദേശികളായ കാമ്പറത്ത് അഖിൽ (26), കിഴക്കെപാട്ട് പ്രജീഷ് (27), വലപ്പാട് ബീച്ച് കിഴക്കെപാട്ടിൽ സുധീഷ് (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ പത്തിന് വാടാനപ്പിള്ളിയിൽ നിന്നും ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ മൂന്നുപീടിക ബീച്ച് റോഡിൽ വച്ച് പിറകെ മറ്റൊരു സ്‌കൂട്ടറിലെത്തിയ പ്രതികളായ അഖിലും സുധീഷും യുവതിയെ ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ ഒക്ടോബറിൽ പെരിഞ്ഞനത്തും, വലപ്പാടും സ്ത്രീകൾ നടത്തുന്ന കടകളിൽ സോഡ കുടിക്കാനെത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചതും, തിരൂരിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ചതും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തു.
തൃശൂർ റൂറൽ എസ്.പി: ആർ. വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ: എം.പി. മുഹമ്മദ് റാഫി, കയ്പമംഗലം എസ്.ഐമാരായ കെ.എസ്. സുബിന്ത്, ജിഷിൽ, വലപ്പാട് എസ്.ഐ: അരിസ്റ്റോട്ടിൽ, എ.എസ്.ഐ.മാരായ പി.ജയകൃഷ്ണൻ, സി.കെ.ഷാജു, എസ്.സി.പി.ഒ മാരായ സൂരജ് വി.ദേവ്, ഇ.എസ്. ജീവൻ, എ.വി. വിനോഷ്, സി.എ: ജോബ്, ലിജു ഇയ്യാനി, എം.വി. മാനുവൽ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.