thomas

സ്പീക്കർ വിധിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാം

തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടതിന്റെ പേരിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ രാജി വയ്ക്കാനില്ലെന്ന് ധന മന്ത്രി ഡോ. തോമസ്‌ ഐസക് വ്യക്തമാക്കി.

നടപടിക്രമത്തിൽ പിഴവുണ്ടായെങ്കിൽ നിയമസഭയിൽ ചർച്ച ചെയ്യാം. സ്പീക്കർ വിധിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാം. സി.എ.ജി രാഷ്ട്രീയം കളിക്കാനിങ്ങനിറങ്ങരുതെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണ് . കോൺഗ്രസ് ഭരണകാലത്ത് ഇങ്ങനെ സംഭവിച്ചില്ല. ഭരണഘടനാ സ്ഥാപനമെന്ന് കരുതി സി.എ.ജിക്ക് എന്തും ചെയ്യാനാകില്ല. അതിന്റെ വലിപ്പം അറിഞ്ഞ് പ്രവർത്തിക്കണം. സി.എ.ജി കിഫ്ബിയുടെ മോഡൽ പരിശോധിക്കണമായിരുന്നു. ബ‌‌ഡ്ജറ്റിൽ നിന്ന് ഇത്രയും പദ്ധതികൾ ചെയ്യാനാകില്ല. പല സംസ്ഥാനങ്ങളും പല രീതിയിൽ ഇപ്രകാരം ചെയ്യുന്നുണ്ടെന്നും ഐസക് വ്യക്തമാക്കി

അതേസമയം, മസാല ബോണ്ട് സമാഹരണം ഭരണഘടനാ വിരുദ്ധമാണെന്ന വിമർശനമടങ്ങുന്ന കരട് സി.എ.ജി. ധനവകുപ്പിനെ നേരത്തെ അറിയിച്ചതായി സൂചന. സർക്കാരിനെ അറിയിക്കാതെ സി.എ.ജി. അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം. കരട് റിപ്പോർട്ടിൽ ഇല്ലാത്ത നാല് പേജ് ഡൽഹിയിൽ നിന്ന് കൂട്ടിചേർത്ത് ഗൂഡാലോചനയാണെന്നും മന്ത്രി ആരോപിച്ചു. റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിക്ക് അയച്ചപ്പോൾ കേരളം അനുവദിക്കപ്പെട്ട വായ്പാ പരിധി ലംഘിച്ചുവെന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥർ നിലപാടെടുക്കുകയായിരുന്നു..വിദേശത്ത് നിന്നുള്ള കടമെടുപ്പ് തെറ്റാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടാൻ കേരളത്തിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. മാറ്റം വരുത്തിയ റിപ്പോർട്ട് ധനവകുപ്പിനും നൽകിയപ്പോൾ, കോർപറേറ്റ് സ്ഥാനമായ കിഫ്ബിക്ക് ഇത് ബാധകമല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, സി.എ.ജി. നിലപാട് മാറ്റിയില്ല. ഇത് അന്തിമ റിപ്പോർട്ടായി വരുകയായിരുന്നു.