ayur

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത, ചെറിയതോതിലുളള കൊവിഡ് രോഗികളെ ചികിത്സിക്കാൻ ആയുർവേദ ചികിത്സാസമ്പ്രദായവും ഉപയോഗിക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി.

ഭാരതീയ ചികിത്സാ വകുപ്പിന്റെ അ​മൃ​തം പ​ദ്ധ​തി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുർവേദ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊ​വി​ഡ് ബാ​ധി​ത​രാ​യ​ത് 342 പേ​ർ (0.342 ശതമാനം) മാത്രമെന്ന പഠന-ഗവേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും നടപടി ഇല്ലെന്ന് നവംബർ 13ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് വിഷയം സർക്കാർ പരിഗണിച്ചത്.

കൊവിഡ് പോസിറ്റീവായ,വീട്ടിലോ, സർക്കാർ വക ഫസ്റ്റ്ലൈൻ, അല്ലെങ്കിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലോ കഴിയുന്നവർക്ക് മരുന്ന് നൽകാം. രോഗിയുടെ സമ്മതത്തോടെ സർക്കാർ ആയുർവേദ സ്ഥാപനത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തോടെയാണ് നടപ്പാക്കേണ്ടത്. ഇതിന് പ്രത്യേക നോഡൽ ഒാഫീസറും ഉണ്ടായിരിക്കണം. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ആയുർവേദ കൊവിഡ് റെസ്പോൺസ് സെൽ സമർപ്പിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.