കോവളം: കൊവിഡ് പരിശോധന നടത്തണമെന്ന ആവശ്യവുമായി വിഴിഞ്ഞത്തെത്തിയ കപ്പൽ ജീവനക്കാർ ഒരു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നിരാശയോടെ തീരം വിട്ടു. ഉന്നതാധികാരികൾ ഇടപെട്ടെങ്കിലും ഇമിഗ്രേഷൻ വിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു. കപ്പലിന്റെ ജീവനക്കാരുടെ സുരക്ഷയ്‌ക്കായി രോഗ പരിശോധന വേണമെന്ന ആവശ്യവുമായാണ് മലേഷ്യയിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന സാൻമാർ സോങ് ബേർഡ് എന്ന ചരക്കുകപ്പൽ ചൊവ്വാഴ്ച രാവിലെ 9.30ഓടെ എത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവർക്ക് ചൈനയിലെ തുറമുഖത്ത് ഇറങ്ങണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുറമുഖ അധികൃതരും കസ്റ്റംസും സമ്മതം അറിയിച്ചെങ്കിലും ഇമിഗ്രേഷൻ അധികൃതർ എതിർക്കുകയായിരുന്നു. പ്ര‌ശ്‌നം രൂക്ഷമായതോടെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ഡി.ജിയെ ബന്ധപ്പെട്ടവർ വിവരമറിയിച്ചു. ഡി.ജിയിൽ നിന്ന് അനുകൂല നിലപാട് വന്നെങ്കിലും ഇമിഗ്രേഷൻ വിഭാഗം വഴങ്ങിയില്ല. ഒടുവിൽ കപ്പൽ അധികൃതരുടെ അപേക്ഷപ്രകാരം രോഗബാധയുണ്ടെന്ന് സംശയമുള്ള ഒരു ജീവനക്കാരനെ ഇന്നലെ ഉച്ചയോടെ ടഗ്ഗിൽ തുറമുഖത്തെത്തിച്ചു. തെർമ്മൽ ‌‌സ്‌കാൻ പരിശോധനയിൽ പനിയില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റാതിരുന്ന ഇമിഗ്രേഷൻ അധികൃതർ മൂന്നര മണിക്കൂറോളം ഇയാളെ വാർഫിൽ ഇരുത്തി. ഒടുവിൽ ഇന്നലെ വൈകിട്ട് 3.30ഓടെ കപ്പൽ തിരികെ മടങ്ങി. ചൊവ്വാഴ്ച തീരത്തടുത്ത മൂന്ന് കപ്പലുകളിൽ ഒന്നാണ് ഇന്നലെ നിരാശയോടെ മടങ്ങിയത്. തീരത്ത് നിന്ന് ഏഴ് കിലോമീറ്ററോളം ഉള്ളിൽ നങ്കൂരമിടുന്ന കപ്പലുകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും പോകാറില്ല. ടഗ്ഗ് എത്തിച്ച് ഇറങ്ങേണ്ട തൊഴിലാളികളെ വാർഫിൽ കൊണ്ടുവന്ന ശേഷമാണ് രേഖകൾ പരിശോധിക്കുക. പി.പി.ഇ കിറ്റുകൾ ധരിച്ചെത്തുന്ന തൊഴിലാളികൾക്ക് വിഴിഞ്ഞത്ത് നടത്തുന്നത് തെർമ്മൽ സ്‌കാനർ ഉപയോഗിച്ചുള്ള പനി പരിശോധന മാത്രമാണ്.