chain

കൊല്ലം: സ്വർണമാല മോഷ്ടിച്ച മുൻ മോഷണക്കേസുകളിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടത്തെ കടയിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ച കേസിൽ പള്ളിത്തോട്ടം സെഞ്ചുറി നഗറിൽ മിൽട്ടനാണ് (31) പിടിയിലായത്. ഇന്നലെ രാവിലെ കടയിലെത്തിയ മിൽട്ടൺ കടയുടമയുടെ ഭാര്യ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല മോഷ്ടിച്ചശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് ഇവർ പള്ളിത്തോട്ടം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് കടയിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതിൽ മോഷണക്കേസുകളിലെ പ്രതി മിൽട്ടനുണ്ടെന്ന് കണ്ടെത്തിയ പൊലീസ് കടപ്പുറത്ത് നിന്ന് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. മാല വിറ്റ തുക ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങിയതും പൊലീസ് കണ്ടെത്തി. സ്വർണമാലയും ഫോണും പൊലീസ് വീണ്ടെടുത്തു. പള്ളിത്തോട്ടം ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു മീര, ജിബി, ഗ്രഡ് എസ്.ഐ ഹിലാരിയോ, എ.എസ്.ഐ സുരേഷ് ബാബു, എ.സി.പി.ഒമാരായ ഗോപകുമാർ, സാംജി എന്നിവരടങ്ങുന്ന സംഘമാണ് മിൽട്ടനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.