നെടുമങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീര്യമേറ്റാൻ മലയോരങ്ങളിൽ വ്യാജചാരായ വാറ്റ് തകൃതി. നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജക മണ്ഡലങ്ങളിലെ മലയോര പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റു സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. വിദേശമദ്യം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് വ്യാജവാറ്റിനെ ആശ്രയിച്ചിരിക്കുന്നത്. വിതരണത്തിന് ആവശ്യമായ ചാരായം വാറ്റുന്നതിനുള്ള ശർക്കര ഒളിസങ്കേതങ്ങളിൽ എത്തിച്ചു കൊടുക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ളവർക്ക് പങ്കുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതുസംബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം താലൂക്കിലാകമാനം വ്യാപക പരിശോധന നടന്നു.
ജില്ലാതിർത്തി പ്രദേശമായ അരിപ്പയിൽ ചാരായ വാറ്റിലേർപ്പെട്ടിരുന്ന മൂന്ന് പേർ ആറ്റിൽച്ചാടി രക്ഷപ്പെട്ടു. ഇതിലൊരാൾ പ്രദേശത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്ന് സൂചനയുണ്ട്. 105 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും ലക്ഷങ്ങളുടെ വാറ്റുപകരണങ്ങളുമാണ് ഇവിടെ നിന്ന് എക്സൈസുകാർ പിടികൂടിയത്. ഒരാൾ പിടിയിലായി. കന്നാസുകളിലും പ്ലാസ്റ്റിക് കുടങ്ങളിലും പെരുമ്പാമ്പ് എന്ന് അറിയപ്പെടുന്ന പോളിത്തീൻ പേപ്പർ കൊണ്ടുള്ള കെട്ടുകളിലുമാണ് ലിറ്റർ കണക്കിന് കോട സൂക്ഷിച്ചിരുന്നത്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലും വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വന്യജീവികൾ ധാരാളമുള്ള ഉൾക്കാടുകളിൽ ഷെഡ്ഡുകൾ നിർമ്മിച്ചാണ് വ്യാജവാറ്റ് നടത്തുന്നത്. കേഴ, മ്ലാവ്, മുയൽ, അണ്ണാൻ, പഴവുണ്ണി, പന്നി തുടങ്ങിയ വന്യജീവികളെ വേട്ടയാടി ഇറച്ചി എടുക്കാനും ഇവരുടെ കൂട്ടത്തിൽ പരിചയമുള്ളവരുണ്ട്. റെയ്ഡ് വിവരം ചോരുന്നതിനാൽ എക്സൈസ് സംഘം എത്തുമ്പോഴേയ്ക്കും വാറ്റുകാർ രക്ഷപ്പെടുന്നത് പതിവാണ്. വ്യാജവാറ്റ് സംബന്ധമായ പരാതികൾ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിൽ അറിയിക്കണമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിനോദ്‌കുമാറും ഇൻസ്‌പെക്ടർ ജി.എ ശങ്കറും അറിയിച്ചു. ഇലക്ഷൻ കഴിയുംവരെയും മേഖലയിൽ തുടർച്ചയായ പരിശോധന നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.