toilet-museum

ഡൽഹിയിലെ ഒരു മ്യൂസിയത്തിൽ ലോകത്ത് ആരും കണ്ടിട്ടില്ലാത്തതരം ടോയ്ല​റ്റുകളും ശൗചാലയ ക്രമീകരണങ്ങളും കാണാം. ബി.സി 2500 മുതൽ ഇന്നുവരെയുള്ള ശൗചാലയങ്ങളുടെ ചരിത്രപരമായ പരിണാമത്തെ വിശദീകരിക്കുന്ന വസ്തുതകളുടെയും ചിത്രങ്ങളുടെയും അപൂർവ ശേഖരമാണ് സുലഭ് ഇന്റർനാഷനൽ മ്യൂസിയം ഒഫ് ടോയ്ല​റ്റിനുള്ളത്. സാങ്കേതികവിദ്യ, ടോയ്ല​റ്റുമായി ബന്ധപ്പെട്ട സാമൂഹിക ആചാരങ്ങൾ, ശൗചാലയത്തിലെ മര്യാദകൾ, നിലവിലുള്ള സാനി​റ്ററി അവസ്ഥകൾ, ടോയ്ലറ്റുമായി ബന്ധപ്പെട്ട് വിവിധ കാലത്തെ നിയമനിർമ്മാണ ശ്രമങ്ങൾ തുടങ്ങി ശൗചാലയവുമായി ബന്ധപ്പെട്ട എന്തു വിവരവും ഈ മ്യൂസിയത്തിൽ ലഭിക്കും.

ശുചിത്വത്തിന്റെയും ശൗചാലയത്തിന്റെയും ആഗോള ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന സുലഭ് ഇന്റർനാഷനൽ എന്ന സംഘടനയാണ് ഡൽഹിയിലെ സുലഭ് ഇന്റർനാഷനൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ടൈം മാഗസിൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ 10 വിചിത്ര മ്യൂസിയങ്ങളിലൊന്നാണ് ഈ ടോയ്ല​റ്റ് മ്യൂസിയം.1992 ൽ സുലഭ് ശുചിത്വ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ഡോ. ബിന്ദേശ്വർ പഥക് ആണ് ഇത് സ്ഥാപിച്ചത്. രാജ്യത്തെ ശുചിത്വ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെപ്പ​റ്റിയുള്ള ബോധവൽക്കരണമായിരുന്നു ഉദ്ദേശ്യം.

ലോകമെങ്ങുമുള്ള വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവവും അറിവും നൽകുന്ന കാര്യത്തിൽ ഈ മ്യൂസിയം ഒട്ടും പിന്നിലല്ല. ഇത്രയും വ്യത്യസ്തവും പുരാതനവുമായ ശൗചാലയ വിവരങ്ങൾ ചിലപ്പോൾ ഇവിടെ മാത്രമേ കാണൂ. എ.ഡി 1145 മുതൽ ആധുനിക കാലം വരെ ഉപയോഗത്തിലുള്ള പ്രൈവസി, ചേംബർ കലങ്ങൾ, ശൗചാലയ ഫർണിച്ചർ, വാട്ടർ ക്ലോസ​റ്റുകൾ എന്നിവയുടെ വിപുലമായ പ്രദർശനം ഇവിടെയുണ്ട്. ശൗചാലയവുമായി ബന്ധപ്പെട്ട മനോഹരമായ കവിതകളുടെ അപൂർവ ശേഖരം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊത്തുപണികൾ ഉള്ളതും ചായം പൂശിയതുമായ ശൗചാലയങ്ങളും കമ്മോഡുകളും ആരുടെയും ശ്രദ്ധ ആകർഷിക്കും. ഇവിടെയുള്ള മദ്ധ്യകാല കമ്മോഡുകളുടെ മോഡലുകളും ചിത്രങ്ങളും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വാസ്തുവിദ്യയിൽ തീർത്ത ഹൃദയാകൃതിയിലുള്ള മദ്ധ്യകാല മൊബൈൽ കമ്മോഡിന്റെ ഒരു പകർപ്പിവിടെയുണ്ട്. ഇത് വേട്ടയാടാൻ പോകുമ്പോൾ ഇംഗ്ലിഷുകാർ ഉപയോഗിച്ചിരുന്നതാണ്. റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച ശൗചാലയങ്ങളും മ്യൂസിയത്തിൽ വിശദമായിതന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ശൗചാലയങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങളും വസ്തുതകളും മ്യൂസിയത്തിൽ ഉണ്ട്. വികസിപ്പിച്ചെടുത്ത ഡ്രെയിനേജ് സംവിധാനം നിലനിന്നിരുന്ന സിന്ധു നദീതട നാഗരികതയിൽ നിന്നുള്ള ശൗചാലയങ്ങളുടെ ചരിത്രം പരാമർശിക്കുന്ന മ്യൂസിയത്തിൽ യൂറോപ്പിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളും രേഖപ്പെടുത്തുന്നു. ശൗചാലയങ്ങളുടെ പരിണാമത്തെക്കുറിച്ചും ഇവിടെനിന്നു മനസ്സിലാക്കാം. ഡോക്ടർമാർ, വിദ്യാർത്ഥികൾ, നരവംശ ശാസ്ത്രജ്ഞർ, എൻജിനിയർമാർ, ശാസ്ത്രജ്ഞർ, ഡിസൈനർമാർ തുടങ്ങി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി സന്ദർശകർ എത്തുന്നുണ്ട്. കാെവിഡ് സാഹചര്യത്തിൽ താൽക്കാലികമായി മ്യൂസിയം അടച്ചിരിക്കുകയാണ്.