നെയ്യാറ്റിൻകര: ഡോക്ടർമാരും മറ്ര് ജീവനക്കാരും കൊവിഡ് ഡ്യൂട്ടിയിൽ വ്യാപൃതരായതിനെ തുടർന്ന് നെയ്യാറ്രിൻകര ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. പ്രതിദിനം അഞ്ഞൂറിലധികം രോഗികൾ ഒ.പിയിൽ മാത്രമെത്തുന്ന ആശുപത്രിയിൽ മിക്ക വിഭാഗങ്ങളിലും ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. ഡോക്ടർമാരും മറ്റ് ജീവനക്കാരുമടക്കമുള്ള ജീവനക്കാരിൽ പകുതിയിലധികം പേരും കൊവിഡ് ഡ്യൂട്ടിയിലാണ്. ശേഷിക്കുന്ന ജീവനക്കാരുടെ ബലത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. നിലവിൽ 500ലധികം രോഗികൾ ഒ.പിയിൽ മാത്രം ദിവസവും എത്തുന്നുണ്ട്. ഇവർക്ക് മതിയായ ചികിത്സ നൽകാൻ സാധിക്കാത്തതാണ് വെല്ലുവിളിയാകുന്നത്.
ജനറൽ, ഗൈനക്കോളജി, നേത്രരോഗ വിഭാഗം, ഓർത്തോ, ഇ.എൻ.ടി, സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഡോക്ടർമാരുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിൽ മാത്രമാണ് ഒന്നിലധികം ഡോക്ടർമാരുടെ സേവനം ലഭിക്കുന്നത്. എന്നാൽ മറ്റ് വിഭാഗങ്ങളുടെ പ്രവർത്തനം ജീവനക്കാർ ഇല്ലാത്തതിനാൽ താളം തെറ്റിയ അവസ്ഥയിലാണ്. ഇവിടെ ചികിത്സതേടിയെത്തുന്നവരാണ് പലപ്പോഴും ചികിത്സ കിട്ടാതെ മടങ്ങുന്നത്.
രോഗികൾ നിരവധി
നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ, കോട്ടുകാൽ, പെരുംങ്കടവിള, പാറശ്ശാല, നെയ്യാറ്റിൻകര, തിരുപുറം, പൂവാർ, ബാലരാമപുരം, കരുംകുളം, കാഞ്ഞിരംകുളം, കൊല്ലയിൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് റഫർ ചെയ്യുന്നവരാണ് ഇതിൽ അധികവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർ കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തുമ്പോഴാണ് പലപ്പോഴും ഡോക്ടർമാർ ഇല്ലെന്ന വിവരം അറിയുന്നത്. വലിയ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും ഇവർക്ക് സാധിക്കില്ല.
ഡോക്ടർമാർ ഇവിടെയാണ്
നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ, കാരക്കോണം, പുളിങ്കുടി, പൂവാർ, വെള്ളായണി, തിരുവനന്തപുരം ജനറൽ ആശുപത്രി, പൂജപ്പുരയിലെ കൊവിഡ് കെയർ സെന്റർ എന്നിവിടങ്ങളിലാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇവരുടെ സേവനം താലൂക്ക് ആശുപത്രിക്ക് ലഭിക്കില്ല. ഇത് മറികടക്കുന്നതിന് കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് രോഗികളുടെ ആവശ്യം.
ആശ്രയിക്കുന്ന പഞ്ചായത്തുകൾ
അതിയന്നൂർ
കോട്ടുകാൽ
പെരുംങ്കടവിള
പാറശ്ശാല
നെയ്യാറ്റിൻകര
തിരുപുറം
പൂവാർ
ബാലരാമപുരം
കരുംകുളം
കാഞ്ഞിരംകുളം