vazhi

കല്ലറ: രാജ ഭരണവും നാടുവാഴി ഭരണവും, ജന്മി ഭരണവും, നാട്ടുകൂട്ടവും ഒക്കെ കഴിഞ്ഞ് ജനാധിപത്യ ഭരണം നിലവിൽ വന്നതിനു ശേഷവും നിരവധി തിരഞ്ഞെടുപ്പുകൾക്ക് സാക്ഷിയായ വഴിയമ്പലം ഇന്ന് നാശത്തിന്റെ വക്കിൽ.

സ്വാതന്ത്രാബ്ധിക്കും മുൻപ് സ്ഥാപിച്ച മിതൃമ്മലയിലെ വഴിയമ്പലമാണ് നാശത്തിലെത്തിയിരിക്കുന്നത്. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ദ്രവിച്ചും ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണിപ്പോഴിത്‌.

മലഞ്ചരക്കുകളാൽ സമൃദ്ധമായിരുന്നു കല്ലറ പാങ്ങോട് പ്രദേശങ്ങൾ. കല്ലറ ചന്ത കൊചാലപ്പുഴ ചന്ത എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ നിന്ന് ഓരോ ആഴ്ചയും നൂറു കണക്കിന് ലോഡ് മലഞ്ചരക്ക് സാധനങ്ങളാണ് ജില്ലയിലെ തന്നെ വലിയ ചന്തയായ നെടുമങ്ങാട് മാർക്കറ്റിലേക്ക് കൊണ്ടുപോയിരുന്നത്. അതുപോലെ കല്ലറയിലെ വിളകൾ വാങ്ങാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് വ്യാപാരികൾ കല്ലറയിലേക്കും മിതൃമ്മല വഴി കാളവണ്ടിയിൽ എത്താറുണ്ടായിരുന്നു.

ഇത്തരത്തിൽ കാളവണ്ടിയിലും മറ്റുമായിയെത്തുന്ന കർഷകർക്കും വ്യാപാരികൾക്കും വിശ്രമിക്കുന്നതിനു വേണ്ടിയാണ് പ്രദേശവാസിയായ ഒരാൾ സൗജന്യമായി വഴിയമ്പലം നിർമ്മിച്ച് നൽകിയത്.

കാളവണ്ടികൾ മാറി മോട്ടോർ വാഹനങ്ങൾ നിരത്തിലെത്തിയതോടെ വഴിയമ്പലത്തിന്റെ ആവശ്യം കുറഞ്ഞു. പുതുതലമുറക്ക് പുതുക്കാഴ്ചകളായ കാൽതൊട്ടിയും ചുമടുതാങ്ങിയും വഴിയമ്പലവും ഒക്കെ സംരക്ഷിച്ചു ചരിത്രസ്മാരകമാക്കി നിലനിറുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്നുൾപ്പെടെയുള്ള നിവേദനങ്ങൾ നാട്ടുകാർ വിവിധ വകുപ്പുകളിൽ നൽകിയിട്ടുണ്ട്.