കടയ്ക്കാവൂർ: വർഷം ഇരുപത്തിയഞ്ച് കഴിഞ്ഞിട്ടും സ്വന്തമായി ഒരു കെട്ടിടമില്ലാതെ വിഷമിക്കുകയാണ് വെട്ടൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വിളബ്ഭാഗം മില്ലുമുക്കിന് സമീപം പ്രവർത്തിക്കുന്ന അങ്കണവാടി. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന സന്ദേശം ലോക ജനതയ്ക്ക് നൽകിയ ശ്രീനാരായണഗുരു തറക്കല്ലിട്ട് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിന് ഒരു വിളിപ്പാട് അകലെയാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്.

തെറ്റില്ലാത്ത നിലയിൽ വിദ്യാർത്ഥികളുണ്ട്. അർപ്പണമനോഭാവമുള്ള ടീച്ചറും ഹെൽപ്പറുമുണ്ട്. പക്ഷേ സ്വന്തമായി കെട്ടിടമില്ലെന്ന പോരായ്മയാണ് അങ്കണവാടിയുടെ വികസനത്തിന് തടസമായിട്ടുള്ളത്. മാറി മാറിവരുന്ന പഞ്ചായത്ത് ഭരണസമിതിയോട് പലതവണ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതിലുള്ള ബുദ്ധിമുട്ട് പ്രവർത്തകരും നാട്ടുകാരും പറഞ്ഞിട്ടുണ്ട്. ഇവിടം സന്ദർശിക്കുന്ന അധികൃതരോട് ഇവിടത്തെ കുരുന്നുകൾ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ വാക്കുകളിൽ മാത്രമൊതുങ്ങുകയാണ് കെട്ടിടം.

സ്ഥലം സ്വന്തമായി ഇല്ലാത്തതാണ് കെട്ടിടം ലഭിക്കാനുള്ള ബുദ്ധിമുട്ടെന്നാണ് അറിയുന്നത്. സ്ഥലം സംഭാവന ചെയ്യാൻ ആരും തയ്യാറായിട്ടില്ല. ജില്ലാ പഞ്ചായത്തോ, ബ്ളോക്ക് പഞ്ചായത്തോ കനിഞ്ഞെങ്കിൽ മാത്രമേ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന പ്രദേശമാണ് പ്ളാവഴികവും സമീപപ്രദേശങ്ങളും. ഇവിടെയുള്ള അങ്കണവാടിക്ക് ഇരുപത്തിയഞ്ച് വർഷമായിട്ടും സ്വന്തമായി കെട്ടിടമില്ലെന്നത് പഞ്ചായത്തിന്റെ യശസിന് പോലും കളങ്കംതട്ടുന്ന കാര്യമാണ്.