komalla-ela

കല്ലമ്പലം: നെൽ കൃഷിയിൽ സമൃദ്ധിനേടിയ കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട കോമല്ല ഏല കാടുകയറി നശിക്കുന്നു. നെൽകൃഷി നാമമാത്രമായതോടെ കുറ്റിച്ചെടികളും മരങ്ങളും തിങ്ങിനിറഞ്ഞ പാടത്തിന് ഇപ്പോൾ കാടിന്റെ പ്രതീതിയാണ്. യന്ത്ര സൗകര്യങ്ങൾ ലഭിക്കാത്തതും കൃഷിക്കാവശ്യമായ വെള്ളം ലഭിച്ചിരുന്ന നാറാണത്ത് ചിറ ഉപയോഗിക്കാൻ കഴിയാത്തതും കൃഷി കുറയാൻ കാരണമായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചിറയിലെ ജലം കൃഷിക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. രണ്ടു വർഷം മുമ്പ് ചിറയിൽ മത്സ്യക്കൃഷി ആരംഭിച്ചതോടെയാണ് ഏലായിലേക്ക് ജലം കൊണ്ടുപോകാൻ കഴിയാതായത്. വെള്ളം കിട്ടാതെ വന്നതോടെ 45 ഹെക്ടറിൽ കൂടുതൽ കൃഷി നടന്നിരുന്ന ഏലായിൽ തരിശുകിടക്കുന്ന ഭാഗങ്ങൾ പലതും നികന്നു. 20 വർഷമായി തരിശുകിടക്കുന്ന വയലുകളും ഉണ്ടെന്ന് കർഷകർ പറയുന്നു. ഇവിടം കാട്ടുമരങ്ങളും പുല്ലും വളർന്ന് ഭീതി പടർത്തുന്ന നിലയിലാണ്. കരവാരം പഞ്ചായത്തിൽ മുമ്പ് പല പാടങ്ങളിലും നൂറുമേനി വിളവായിരുന്നു. കൃഷിമേഖലയിൽ നിന്നും പലരും പിന്തിരിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കടുത്ത വേനലിലും വറ്റാത്ത ചിറയും തോടുമുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

പ്രതികരണം

കോമല്ല ഏലായിലെ കുറച്ചുപാടങ്ങൾ കാടുകയറി കിടക്കുന്നത് നിലം ഉടമകളുടെ നിസഹകരണം കൊണ്ടാണ്. പലതവണ പഞ്ചായത്ത് കൃഷിയിറക്കാൻ ശ്രമിച്ചെങ്കിലും ഉടമകൾ അനുവദിച്ചില്ല. വർഷങ്ങളായി പായൽപിടിച്ച് നശിച്ചുകിടന്ന കുളം വൃത്തിയാക്കി നടത്തിയ മത്സ്യക്കൃഷി ലാഭകരമാണ്. പഞ്ചായത്തിൽ കോൺഗ്രസ് ഭരണത്തിൽ വന്നാൽ പാടത്ത് മുടങ്ങിയ കൃഷിയും ചിറയിലെ മത്സ്യ കൃഷിയും പുനഃരാരംഭിക്കാൻ നടപടി സ്വീകരിക്കും.

കെ.ആർ ബേബി വാർഡ്‌ മെമ്പർ

വാർഡ്‌ മെമ്പറുടെ പിടിപ്പുകേടാണ് പാടം കാടു പിടിച്ച് നശിക്കാൻ കാരണം നിലം ഉടമകളുമായി ചർച്ചയിലൂടെ നിഷ്പ്രയാസം പരിഹരിക്കാവുന്ന കാര്യമാണ് അഞ്ചു വർഷത്തെ ഭരണം കൊണ്ടും പഞ്ചായത്തിനോ വാർഡ്‌ മെമ്പർക്കോ കഴിയാതെ പോയത്.

എസ്. ഉല്ലാസ് കുമാർ

കല്ലമ്പലം

ഫോട്ടോ: കാടുകയറിയ കോമല്ല ഏല