കല്ലമ്പലം:കർഷക തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും കൂടുതലുള്ള ഗ്രാമീണ മേഖല ഉൾപ്പെടുന്ന മണമ്പൂർ ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും കൈയടക്കാൻ ബി.ജെ.പിയും നിലയുറപ്പിച്ചതോടെ പ്രചാരണത്തിന് ചൂടേറി. സി.പി.എം ലോക്കൽകമ്മിറ്റി അംഗം,ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയ ഭാരവാഹി,ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വി.പ്രിയദർശിനിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.ഷീല റോബിൻ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും കർഷക കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറിയുമായ റോബിൻ കൃഷ്ണന്റെ ഭാര്യയാണ്. നിലവിൽ ചെറുന്നിയൂർ സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവും എസ്.എൻ.ഡി.പി ചെറുന്നിയൂർ യൂണിറ്റ് വനിതാ പ്രസിഡന്റും ചെറുന്നിയൂർ പഞ്ചായത്ത് കുടുംബശ്രീ, മൈക്രോ ഫിനാൻസ് എന്നിവയുടെ കൺവീനറുമാണ്. ചെറുന്നിയൂർ പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് എ.ഡി.എസായ ജെ.ഹരിപ്രിയയാണ് ബി.ജെ.പി സ്ഥാനാർത്ഥി. 2019 ൽ മഹിളാ മോർച്ച ചെറുന്നിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.ചെറുന്നിയൂർ റസിഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം. ഒറ്റൂർ പഞ്ചായത്ത് 9 , മണമ്പൂർ 16, ചെറുന്നിയൂർ 12, വെട്ടൂർ 14, നാവായിക്കുളം 4, കരവാരം 5 തുടങ്ങി 60 വാർഡുകൾ ചേർന്നതാണ് ഈ വനിതാ സംവരണ ഡിവിഷൻ.