ഇന്ന് ഫോട്ടോഷൂട്ടുകൾക്ക് വളരെയേറെ പ്രാധാന്യം മലയാളികൾ കല്പിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കുള്ള മൈലേജും അത്രയേറെയാണ്. ഇതിനിടയിലും പലരും മോശം പരാമർശങ്ങളുമായി എത്തുന്നുണ്ട്. താൻ നേരിട്ട സൈബർ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് മോഡലും ഫിറ്റ്നസ് ട്രെയ്നറുമായ അർച്ചന അനില. ഒരു സ്വകാര്യ വെഡ്ഡിംഗ് കമ്പനിക്കായി ചെയ്ത ഫോട്ടോഷൂട്ടിന് പിന്നാലെയാണ് അർച്ചനയ്ക്ക് സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകൾ നേരിടേണ്ടി വന്നത്. ഇത്തരക്കാർക്ക് പൊലീസിനെ പേടിയില്ലെന്നും കുറച്ചുപേരെങ്കിലും സൈബർ ആക്രമണത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നെങ്കിൽ ചെറിയ ഭയം തോന്നുമായിരുന്നെന്നും അർച്ചന പറയുന്നു.
ആദ്യ ഫോട്ടോ ഇട്ടപ്പോൾ തന്നെ വന്ന കമന്റ് 'ബിക്കിനി ഷൂട്ട് ചെയ്യുന്നില്ലേ' എന്നായിരുന്നു. 'ഇത്രയും ആകാമെങ്കിൽ ഒരു ബിക്കിനി ഷൂട്ട് കൂടി ആയിക്കൂടെ' എന്നും കമന്റ് ഉണ്ടായി. ഒട്ടും വൾഗർ അല്ലാത്ത ഒരു നോർമൽ ഫോട്ടോയ്ക്ക് കിട്ടിയ കമന്റ് അങ്ങനെ ആയിരുന്നു. ഫോട്ടോഷൂട്ടിന് ശേഷം ഒരു അമ്പലത്തിനു മുന്നിലുളള വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് 'ദൈവമേ, ഇവൾക്ക് തുണി ഉടുക്കാനുളള കഴിവ് കൊടുക്കണേ എന്നുളള മെസേജുകൾ വരുന്നത്'. അതിന് പിന്നാലെ തന്റെ വീട്ടിലുള്ളവരെ മോശക്കാരാക്കുന്ന തരത്തിലുള്ള കമന്റുകൾ വരാൻ തുടങ്ങി. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൊലീസിൽ പരാതി കൊടുക്കുമെന്നൊക്കെ പറഞ്ഞെങ്കിലും അവർക്കതൊന്നും ഒരു പ്രശ്നമല്ല. പെണ്ണുങ്ങളെ എന്തും പറയാമെന്നുള്ള ധൈര്യമുണ്ടെന്നും അർച്ചന പറയുന്നു. പ്രതികരിക്കാതെ ഇരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
"ഞാൻ ഫോട്ടോഷൂട്ട് ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്. കമന്റുകൾ മാത്രമല്ലാതെ പേഴ്സണൽ ചാറ്റിലും മോശം മെസേജുകൾ വന്ന് തുടങ്ങിയപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചത്..." ഇത്രയധികം നെഗറ്റീവ് കമന്റുകൾ ഇതാദ്യമാണെന്നും അർച്ചന പറയുന്നു. പഴയ മോഡൽ വാനിന്റെ പശ്ചാത്തലത്തിലാണ് ഷൂട്ട്. വാനിൽ തൂങ്ങി നിന്നും മുകളിൽ കയറിയും പുരുഷ മോഡലിനൊപ്പം ഇഴുകിച്ചേർന്നുള്ള ഫോട്ടോസാണ് പല സദാചാരക്കാരെയും ചൊടിപ്പിച്ചത്. ഫോട്ടോഷൂട്ട് വൈറൽ ആയതോടെ അർച്ചനയ്ക്കെതിരെ സൈബർ ആക്രമണങ്ങളും അതിരുകടന്നു. വീട്ടുകാരെ ഉൾപ്പെടെ പരാമർശിച്ചതോടെ ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവുമായി എത്തുകയായിരുന്നു അർച്ചന.