നിർമ്മിച്ച് ഒരുവർഷത്തിനകം തകർന്ന പാലാരിവട്ടം മേൽപ്പാലത്തിനു പിന്നിൽ നടന്ന ഭീകരമായ അഴിമതിയിൽ അന്ന് മരാമത്തു വകുപ്പുമന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ ദിവസം വിജിലൻസ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു നീക്കമുണ്ടെന്ന രഹസ്യം മുൻമന്ത്രിക്ക് വിജിലൻസിലുള്ളവർ തന്നെ ചോർത്തിക്കൊടുത്തിട്ടുണ്ടാകുമെന്ന് സൂചനയുണ്ട്. അതുകൊണ്ടാകുമല്ലോ ചൊവ്വാഴ്ച വരെ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമായിരുന്ന അദ്ദേഹം പൊടുന്നനെ രോഗശയ്യയിലായതും ആശുപത്രിവാസം തരപ്പെടുത്തിയതും. ഏതായാലും ആശുപത്രിക്കിടക്കയിൽ വച്ചുതന്നെ അറസ്റ്റും റിമാൻഡുമെല്ലാം നടന്ന സ്ഥിതിക്ക് ശേഷം കാര്യങ്ങളിൽ ഇനി തീർപ്പുണ്ടാകേണ്ടത് കോടതിയിലാണ്.
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും അനവസരത്തിലുള്ളതാണെന്നും ആരോപിച്ച് അദ്ദേഹം ഉൾപ്പെട്ട യു.ഡി.എഫ് നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. അനവസരത്തിൽ എന്നു പറയാൻ കാരണം അദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാകാം. മാത്രമല്ല സ്തോഭജനകമായ മറ്റു കേസുകളും പ്രമുഖരായവരുടെ അറസ്റ്റും സൃഷ്ടിച്ച കോലാഹലം തുടരവെ ഭരണപക്ഷത്തിനു കണക്കുതീർക്കാൻ കിട്ടിയ അവസരമായി പാലാരിവട്ടം കേസിൽ മുൻ മന്ത്രിയെ കുടുക്കിയിരിക്കുകയാണെന്ന ആക്ഷേപവും പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്നുണ്ട്. പാലാരിവട്ടം നിർമ്മാണത്തിൽ നടന്ന ആരെയും ഞെട്ടിക്കുന്ന അപാകതകളും അഴിമതിയും നേരത്തെ തന്നെ നാട്ടുകാർക്കു ബോദ്ധ്യപ്പെട്ടതാണ്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലായിപ്പോയി എന്ന യു.ഡി.എഫ് ആക്ഷേപം ഒരർത്ഥത്തിൽ ശരിയാണ്. വളരെ നേരത്തെ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ പ്രതിയായി ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒൻപതു മാസം കഴിഞ്ഞാണ് മുൻ മന്ത്രി അറസ്റ്റിലാകുന്നതെന്ന് ഓർക്കണം. ഇതിനുമുമ്പ് പല ഘട്ടങ്ങളിലും അറസ്റ്റിന്റെ വക്കുവരെ എത്തിയതാണ്. അജ്ഞാത കാരണങ്ങളാൽ അതു നടന്നില്ലെന്നു മാത്രം. അഴിമതി കേസിൽ ഉൾപ്പെട്ടവർ ആരായാലും, എത്ര വലിയ പ്രമുഖനായാലും നിയമത്തിനും നീതിപീഠത്തിനും മുമ്പിൽ ഒരു ദിവസം വന്നേ മതിയാകൂ. അതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നത് ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ വേണ്ടിയാണ്.
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത കമ്പനിക്ക് പലിശ പോലുമില്ലാതെ എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകാൻ മരാമത്തു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടതിന്റെ പേരിലാണ് അദ്ദേഹം അഴിമതി കേസിൽ അഞ്ചാം പ്രതിസ്ഥാനത്തു നിൽക്കുന്നത്. അന്ന് മരാമത്തു സെക്രട്ടറി സ്ഥാനത്തിരുന്ന ടി.ഒ. സൂരജിന്റെ മൊഴിയാണ് മുൻ മന്ത്രിയെ കുടുക്കിയത്. സൂരജ് ഉൾപ്പെടെ നാലു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
മരാമത്തു പണികളിൽ നടക്കാറുള്ള അഴിമതി രഹസ്യമൊന്നുമല്ല. ഏറിയും കുറഞ്ഞും എല്ലായിടത്തും കണ്ടുവരുന്ന പ്രതിഭാസമാണത്. പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ സകല സീമകളും കടന്ന് അഴിമതി ഫണം വിടർത്തിയാടി എന്നതാണു പ്രത്യേകത. ഉദ്ഘാടനം കഴിഞ്ഞ് ഒൻപതാം മാസം പാലത്തിൽ ഗുരുതരമായ നിർമ്മാണ വൈകല്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ഡിസൈൻ മുതൽ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും അഴിമതി നിറഞ്ഞതായിരുന്നു. മൂന്നുവർഷം എത്തും മുമ്പേ പാലം പൂർണമായും അടച്ചിടേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. വിദഗ്ദ്ധ സംഘങ്ങൾ മാറി മാറി നടത്തിയ പരിശോധനകളിൽ കള്ളി മുഴുവൻ വെളിച്ചത്താവുകയും ചെയ്തു. പില്ലർ ഒഴികെ ബാക്കിയെല്ലാം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. എറണാകുളം നഗരത്തിലെ ദുസ്സഹമായ വാഹനത്തിരക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ 39 കോടി രൂപ ചെലവഴിച്ച പാലാരിവട്ടം മേൽപ്പാലം അകാലമൃത്യുവരിച്ച സംഭവം പൊതുമുതൽ വിനിയോഗത്തിൽ കാണിക്കുന്ന അക്ഷന്തവ്യമായ ധൂർത്തും കൈയിട്ടുവാരലുമാണ് പുറത്തുകൊണ്ടുവരുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്ന് ഉറച്ചു വിളിച്ചുകൂവുന്ന പ്രതിപക്ഷ നേതാക്കൾക്കു നെഞ്ചിൽ കൈവച്ചു പറയാനാകുമോ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ അഴിമതിയുടെ കണിക പോലും ഉണ്ടായിട്ടില്ലെന്ന്. മേൽപ്പാല നിർമ്മാണത്തിനായി പൊതുഖജനാവിൽ നിന്നു ചെലവഴിച്ച 39 കോടി രൂപ അഴിമതിയിലൂടെ ഒലിച്ചുപോയെങ്കിൽ അതിനുത്തരവാദികൾ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതല്ലേ? മരാമത്തു വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഒരാൾക്ക് എങ്ങനെ ഈ അഴിമതിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകും? മന്ത്രിയെന്ന നിലയിൽ ഉണ്ടായിരുന്ന സകല പരിരക്ഷകളും മതിയാകാതെ വന്നപ്പോഴാണല്ലോ നിയമത്തിന്റെ കരങ്ങൾ അദ്ദേഹത്തിലേക്കു നീണ്ടുചെന്നത്. അറസ്റ്റിന്റെ പേരിൽ സർക്കാരിനെ ഭർത്സിക്കുകയും ശപിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാക്കൾ അഴിമതിയോടുള്ള തങ്ങളുടെ സ്വതന്ത്രമായ നിലപാടെന്താണെന്ന് സമൂഹത്തോട് തുറന്നു പറയേണ്ട സന്ദർഭം കൂടിയാണിതെന്നു തോന്നുന്നു. ഭരണപക്ഷത്തെ നോക്കി നിങ്ങളുടെ അഴിമതി അസഹനീയം എന്നു പറയുകയും സ്വന്തം പക്ഷത്തുള്ളവർ അതേ കുറ്റത്തിന് പിടിയിലാകുമ്പോൾ രാഷ്ട്രീയ വൈരം എന്ന കവചം എടുത്തണിയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അഴിമതി എന്ന സാമൂഹ്യ തിന്മയെ ആ നിലയിൽത്തന്നെ കാണുകയാണ് വേണ്ടത്. അതിൽ രാഷ്ട്രീയഭേദം കാണരുത്. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉന്നതിക്കായി ചെലവിടേണ്ട ഓരോ പൈസയും അമൂല്യമാണ്. അഴിമതിയിലൂടെ ചോരുന്ന ഓരോ പൈസയും ജനങ്ങളുടെ വിയർപ്പിന്റെ വിലയാണെന്ന് അതു കൈകാര്യം ചെയ്യാൻ ജനങ്ങൾ അധികാരപ്പെടുത്തിയവർക്കു ബോദ്ധ്യമുണ്ടാകണം. അഴിമതിയെന്ന ദുർഭൂതത്തെ ഇല്ലാതാക്കുക അത്ര നിസാരമല്ല. എന്നാലും ഉന്നതങ്ങളിലുള്ളവർ മാതൃക കാണിച്ചാൽ തീർച്ചയായും അതിനു ഫലമുണ്ടാകും. വർഷങ്ങൾക്കുമുമ്പ് ഇടമലയാർ കേസിൽ മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ഒരു കരാർ നൽകിയതിലൂടെ സംസ്ഥാനത്തിനു രണ്ടുകോടി രൂപയുടെ നഷ്ടം വരുത്തി എന്നായിരുന്നു. സുപ്രീംകോടതി വരെ നീണ്ട ആ കേസിൽ പിള്ള ഒടുവിൽ ശിക്ഷിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. പത്തു രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ എത്രയോ ശിപായിമാർ ഇവിടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്ത് രൂപയായാലും നൂറു കോടി രൂപയായാലും കൈക്കൂലിയും അഴിമതിയും ശിക്ഷാർഹമായ കുറ്റകൃത്യം തന്നെയാണ്. മന്ത്രിയായാലും ഉദ്യോഗസ്ഥരായാലും പൊതുമുതൽ കട്ടാൽ അഴി എണ്ണുക തന്നെ വേണം. രാഷ്ട്രീയ മുഖാവരണം അണിഞ്ഞ് അതിൽനിന്നു രക്ഷപ്പെടാമെന്ന് എക്കാലവും കരുതരുത്.