തിരുവനന്തപുരം: അറസ്റ്റും കള്ളക്കേസും കൊണ്ട് യു.ഡി.എഫിനെ തകർക്കാമെന്ന് വിചാരിക്കേണ്ടെന്നും രാഷ്ട്രീയ പ്രതികാരവുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ സർക്കാർ അതിന് വലിയ വില നൽകേണ്ടി വരുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷൻ കൊടുക്കുന്ന സമയത്ത് രാഷ്ട്രീയപ്രേരിതമായി നടത്തിയ അറസ്റ്റിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. പാർട്ടി സെക്രട്ടറിയായിരുന്നയാളിന്റെ മകനെതിരായ മയക്കുമരുന്ന് കേസിലും സ്വർണക്കള്ളക്കടത്തിലും മുഖം നഷ്ടപ്പെട്ട സി.പി.എമ്മും സർക്കാരും ശ്രദ്ധ തിരിച്ചുവിടാനാണ് യു.ഡി.എഫ് നേതാക്കൾക്കെതിരെ അറസ്റ്റും കള്ളക്കേസുകളും ചുമത്തുന്നത്. വിജിലൻസുദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി അറസ്റ്റ് ചെയ്യാനും കള്ളക്കേസെടുക്കാനും മുഖ്യമന്ത്രി നേരിട്ടിടപെടുകയാണ്.
സർക്കാരിന്റെ അഴിമതിക്കഥകളും കൊള്ളകളും കൂടുതൽ ശക്തിയോടെ പ്രതിപക്ഷം പുറത്തുകൊണ്ടുവരും.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ തെളിവാണ് സ്വപ്ന സുരേഷിന്റെ പുറത്തുവന്ന ഫോൺ സംഭാഷണം. ശിവശങ്കറും ഇതുതന്നെയാണ് പറഞ്ഞത്. ശിവശങ്കറും സ്വപ്നാ സുരേഷും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ഇവരെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സ്വപ്ന സുരഷിനെ അറസ്റ്റ് ചെയ്യാൻ പോയപ്പോഴും ശബ്ദരേഖ പുറത്തുവന്നിരുന്നു. അന്നും സർക്കാരിനെ സംരക്ഷിക്കാനാണ് അവർ ശ്രമിച്ചത്. മുഖ്യമന്ത്രിയും അവർക്കെതിരെ ഒന്നും പറയാതെ സംരക്ഷിക്കുന്നു.