വെള്ളറട: ത്രികോണപ്പോരിൽ ചുട്ടുപൊള്ളുകയാണ് കുന്നത്തുകാൽ ജില്ല ഡിവിഷൻ. ജില്ലാപഞ്ചായത്ത് നിലവിൽ വന്നതുമുതൽ ഇവിടം ഇടതിനെ കൈവിട്ടിട്ടില്ല. പക്ഷേ ഇത്തവണ ആ ചരിത്രം മാറുമെന്നാണ് കോൺഗ്രസും ബി.ജെ.പിയും പറയുന്നത്. എൽ.ഡി.എഫ് കോട്ട പിടിച്ചടക്കാൻ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായമുട്ടം എം.എസ്. അനിലിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. ഉരുക്ക് കോട്ട മുറുകെപിടിക്കാൻ സി.പി.എം പാറശാല ഏരിയ കമ്മിറ്റി അംഗവും കൊല്ലയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. ബിനുവാണ് എൽ.ഡി.എഫിനായി കളത്തിലിറങ്ങിയത്. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മൂന്നുപേരും ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വിജയിച്ചിട്ടുമുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ എം.എസ്. അനിൽ ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 25 വർഷം തുടർച്ചയായി മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ജില്ല ബാങ്ക് ഡയറക്ടർ, നെയ്യാറ്റിൻക കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ, സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയിസ് വെൽഫെയർ ബോർഡ് ഡയറക്ടർ, മൂന്നു തവണ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് അംഗം, വികസനകാര്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി,ഐ.ടിയു നേതാവ്, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതാവ് എന്നിങ്ങനെയുള്ള പ്രവർത്തന മികവാണ് വി.എസ്. ബിനുവിന്റെ കൈമുതൽ. ബി.എൽ. അജേഷ് കൊല്ലയിൽ ഗ്രാമപഞ്ചായത്ത് അംഗം, പഞ്ചായത്തിലെ പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ചരിത്രം ഇങ്ങനെ
കൊല്ലയിൽ, പെരുങ്കടവിള പഞ്ചായത്തുകളിലെ 16 വാർഡ് വീതവും, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളും, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളും ചേർന്നതാണ് കുന്നത്തുകാൽ ഡിവിഷൻ. രണ്ടുതവണ ആനാവൂർ നാഗപ്പനും ഒരു തവണ എൻ. രതീന്ദ്രനും കഴിഞ്ഞതവണ ഡോ. ഗീത രാജശേഖരനുമാണ് ഡിവിഷനെ പ്രതിനിധീകരിച്ചത്.