cpm

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നത് നിയമത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിർക്കാനാകാത്ത ബി.ജെ.പി- യു.ഡി.എഫ് കൂട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലയ്ക്ക് ആയുധങ്ങളൊരുക്കിക്കൊടുക്കാൻ അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കും. മാദ്ധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് ,മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. കോടതിയിൽ സമർപ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാൻ പോലും നൽകിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിയിൽ ഈ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയിൽ വ്യക്തമാക്കി. പരസ്പരവിരുദ്ധമെന്ന് കോടതി തന്നെ നിരീക്ഷിച്ച ഇ.ഡി റിപ്പോർട്ട് വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയേയും സർക്കാരിനേയും ലക്ഷ്യംവച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ചാണ് അന്വേഷണ പ്രഹസനമെന്നാണ്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് പകരം രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് സർക്കാരിനെ അട്ടിമറിക്കാനാകുമോയെന്ന് നോക്കുകയാണ് കേന്ദ്ര ഏജൻസികൾ. സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തി എൻ.ഐ.എ കേസന്വേഷിക്കുന്നത്. അതിനെ പൂർണമായും നിഷേധിക്കുന്ന ഇ.ഡി റിപ്പോർട്ട് രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി ഇല്ലാതാക്കുന്നതാണ്. ഇ.ഡി കേസ് പോലും അസാധുവാക്കപ്പെടുമല്ലോയെന്ന് കോടതി ഈ ഘട്ടത്തിൽ നിരീക്ഷിച്ചു. സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനൊപ്പം, യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും കൂടിയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.