തിരുവനന്തപുരം: 'ലൈഫ് 'എന്ന വിഷയത്തെ ആസ്‌പദമാക്കി കൗമുദി ടി.വി സംഘടിപ്പിക്കുന്ന കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. മത്സരത്തിലേക്ക് 350 ൽപ്പരം എൻട്രികളാണ് ലഭിച്ചത്. ഇന്നുമുതൽ എല്ലാ ദിവസവും രാത്രി 8 ന് കൗമുദി ടി.വി.യുടെ യൂ ട്യൂബ് ചാനലിലും ഫേസ്‌ബുക്ക് പേജിലും തിരഞ്ഞെടുത്ത ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'നിഴലാണെന്റെ അച്ഛൻ' ആണ് ആദ്യ പ്രീമിയർ. ബാങ്കിൾസ്, ബ്ലോക്ക്, ചുഴി എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ. ഡിസംബർ ആദ്യവാരം മുതൽ കൗമുദി ചാനലിലൂടെ ഷോർട്ട് ഫിലിമുകൾ സംപ്രേഷണം ചെയ്യും. സംവിധായകൻ ശ്യാമപ്രസാദ് ചെയർമാനും സംവിധായകരായ സുജിത് വാസുദേവ്, ബേസിൽ ജോസഫ്, തിരക്കഥാകൃത്ത് സേതു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് മത്സരവിധി നിർണയിക്കുന്നത്. ജനുവരി ആദ്യവാരം ഫലം പ്രഖ്യാപിക്കും.
ജൂറി കണ്ടെത്തുന്ന മികച്ച ഷോർട്ട് ഫിലിമിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്ന ഷോർട്ട്ഫിലിമിന് ജനപ്രിയ ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരവും നൽകും. മികച്ച സംവിധായകൻ, ഛായാഗ്രാഹകൻ,നടൻ,നടി എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും.