kerala-local-body-electio

തിരുവനന്തപുരം:പത്രികാ സമർപ്പണത്തിന്റെ അവസാന നാൾ പിന്നിട്ടതോടെ പ്രചാരണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നണികൾ. ഇതുവരെ നടത്തിവന്ന പ്രചാരണത്തിന്റെ ഗിയർ മാറ്റി ഇനി മുതിൽ സ്പീ‌ഡ് കൂടും.വീടുകൾ കയറിയുള്ള പ്രചാരണത്തിന് ഊന്നൽ നൽകാനാണ് മുന്നണികളുടെ നീക്കം.ഒപ്പം വിജയിച്ചു കയറാനുള്ള തന്ത്രങ്ങൾക്ക് മൂർച്ച ഏറും. ഇതുവരെയുള്ള പ്രവർത്തനങ്ങളെയും അടുത്തഘട്ട പ്രചരണത്തെക്കുറിച്ചും ജില്ല നേതാക്കൾ സംസാരിക്കുന്നു.

കാണാൻ പോകുന്നത് യു.ഡി.എഫിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി ജില്ലയിൽ ഐക്യജനാധിപത്യമുന്നണി ശക്തമായ തിരിച്ചുവരവ് നടത്തും.തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി മുക്കിക്കൊന്ന എൽ.ഡി.എഫ് നടപടികൾക്ക് ജനങ്ങൾ കൃത്യമായ മറുപടി നൽകും. ജനഹിതമറിഞ്ഞും പ്രാദേശിക വിഷയങ്ങളിൽ ഉൗന്നിയുമുള്ള പ്രകടനപത്രിക ഉടൻ തന്നെ പുറത്തിറക്കും. സർക്കാരിനെതിരെയുള്ള രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് ഗുണം ചെയ്യും.ചില വാർ‌ഡുകളിൽ ഉടലെടുത്ത പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഘടകക്ഷികളെയെല്ലാം ഒപ്പംകൂട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.അടുത്ത ഘട്ട പ്രചാരണങ്ങളിൽ പ്രമുഖ നേതാക്കളെത്തും.

- നെയ്യാറ്റിൻകര സനൽ, ഡി.സി.സി പ്രസിഡന്റ്

വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറും. കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനപ്രവർത്തനങ്ങളുടെ വിധിയെഴുത്താകും ഇൗ തിരഞ്ഞെടുപ്പ്. അടിസ്ഥാന വികസനങ്ങൾക്ക് ഉൗന്നൽ നൽകിയ പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് മുതൽക്കൂട്ടാകും. അടുത്ത ഘട്ട പ്രചാരണങ്ങളിൽ മുതിർന്ന നേതാക്കളെത്തും. തിരുവനന്തപുരത്തെ മെട്രോനഗരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇനി പ്രവർത്തനങ്ങൾ. അടുത്ത അഞ്ചുവ‌ർഷത്തേക്കുള്ള വികസനരേഖകൾക്ക് ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന പ്രകടനപത്രിക അടുത്തയാഴ്ചയോടെ പുറത്തിറക്കും. വാ‌ർഡ്തല കൺവെഷനുകൾക്ക് പ്രാധാന്യം നൽകും.

-ആനാവൂ‌ർ നാഗപ്പൻ, സി.പി.എം ജില്ലാ സെക്രട്ടറി

കോർപറേഷനിൽ ബി.ജെ.പി അധികാരത്തിലേറും

പത്രികാ സമർപ്പണം പൂർ‌ത്തിയായതോടെ ദേശീയ നേതാക്കളെയടക്കം വാർഡുകളിലെത്തിച്ച് അവസാഘട്ട പ്രചാരണം ശക്തമാക്കും. ഇൗയൊരു രാഷ്ട്രീയ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ നേടും.2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും നല്ല കോർപറേഷനാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും.കേന്ദ്രസർക്കാർ സഹായത്തോടെയാകും ഇത്.നിവലിൽ തലസ്ഥാനം നേരിടുന്ന മാലിന്യ-വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. അവസാനഘട്ടമായി മുഴുവൻ വോട്ടർമാരെ നേരിൽ കാണും. പ്രാദേശിക തലങ്ങളിലെ പ്രശ്നങ്ങളും ബി.ജെ.പി കൗൺസിലർമാരുടെ വികസന നേട്ടങ്ങളും വാർഡുകളിൽ ചർച്ചയാക്കും.

-വി.വി.രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്