mukkam-bhasi

മുക്കം: തിരഞ്ഞെടുപ്പുകളും യുദ്ധങ്ങളാണ്. ഇവിടെ തന്ത്രങ്ങൾക്കാണ് ധർമ്മത്തെക്കാൾ പ്രാധാന്യം. തിരഞ്ഞെടുപ്പിൽ ജയിക്കാൻ എതിരാളിയെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നത് അസാധാരണമല്ല, അതുമൊരു തന്ത്രമാണ്' എഴുത്തുകാരനും നടനുമായ മുക്കം ഭാസിയുടെതാണ് ഈ അഭിപ്രായം.
എന്ന് നിന്റെ മൊയ്തീൻ സിനിമയിലെ നായക കഥാപാത്രവും മുക്കത്തിന്റെ വീരപുത്രൻ എന്ന വിശേഷണത്തിന് ഉടമയുമായ ബി.പി. മൊയ്തീന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മുക്കം ഭാസി തന്റെ അഭിപ്രായം സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും നിരത്തുന്നു.

43 വർഷം മുമ്പ് നടന്ന മുക്കം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.പി. മൊയ്തീൻ തന്റെ എതിരാളിയും കമ്മ്യൂണിസ്റ്റ് തൊഴിലാളി യൂണിയൻ നേതാവുമായ അതികായനെ മലർത്തിയടിച്ച് അത്ഭുതം സൃഷ്ടിച്ചു. 68 വർഷം മുമ്പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രശസ്ത കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവ മേനോനെ വീരേന്ദ്ര കുമാറിന്റെ പിതാവും സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയുമായ പത്മപ്രഭ ഗൗഡർ അനായാസം തോൽപിച്ചു. തന്ത്ര പ്രയോഗത്തിലൂടെയായിരുന്നു ഈ രണ്ടു വിജയങ്ങളുമെന്നാന്ന് മുക്കം ഭാസിയുടെ വിലയിരുത്തൽ.
മാധവ മേനോനെതിരെ വെള്ളം ചേർക്കാത്ത നുണ തന്നെയാണ് അന്ന് പ്രചരിപ്പിച്ചിരുന്നത്. അതിലൊന്ന് കുറ്റിപ്പുറം പാലം അദ്ദേഹത്തിന്റെ ഭാര്യയായ കുട്ടിമാളു അമ്മയുടെ വീട്ടിലേയ്ക്ക് പോകാൻ നിർമിച്ചതാണ് എന്നായിരുന്നു. മറ്റൊന്ന് അവരുടെ വീട് ചന്ദനമരം ഉപയോഗിച്ചാണ് നിർമിച്ചത്. ഇതെല്ലാം വിശ്വസിച്ച വോട്ടർമാർ അദ്ദേഹത്തെ തോൽപ്പിക്കുകയും.കമ്മ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച പത്മപ്രഭ ഗൗഡരെ വിജയിപ്പിക്കുകയും ചെയ്തു.
മാധവമേനോൻ മദിരാശി നിയമസഭയിൽ മന്ത്രിയായിരിക്കെ നടന്ന സേലം ജയിൽ വെടിവെപ്പിനെ കുറച്ചും ഏറെ കഥകൾ നാട്ടിൽ പ്രചരിപ്പിച്ചു. ഈ വെടിവെപ്പിൽ രാഷ്ട്രീയ നേതാക്കളടക്കം 22 തടവുകാർ കൊല്ലപ്പെട്ടിരുന്നു. മരിച്ചെന്നു കരുതിയ കണ്ണൂരിലെ കാന്തലോട്ട് കുഞ്ഞമ്പു രക്ഷപ്പെട്ടതും ശരീരത്തിൽ വെടിയുണ്ടയും പേറി ജീവിച്ചതും പിന്നീട് കേരളത്തിൽ മന്ത്രിയായതും ചരിത്രം. കൊലയാളി മന്ത്രിയെന്നാണ് മാധവ മേനോനെ വിശേഷിപ്പിച്ചിരുന്നത്. കുന്ദമംഗലത്തിനടുത്തെ ചെത്തു കടവിൽ ഒരു പൊതുയോഗ സ്ഥലത്തേക്ക് മുക്കത്തു നിന്ന് ജാഥയായി പോകുന്ന കമ്മ്യൂണിസ്റ്റുകാരുടെ മുന്നിൽ മാധവമേനോൻ ഒരിക്കൽ പെട്ടു. കോൺഗ്രസ്സിന്റെ കൊടി പാറിച്ച് വന്ന ജീപ്പിൽ മാധവ മേനോനും കുട്ടിമാളു അമ്മയുമുണ്ടായിരുന്നു. മണാശേരിയിൽ വച്ച് ജാഥക്കാർ അവരെ തടഞ്ഞതും കൊലയാളി എന്ന് അധിക്ഷേപിച്ചതും അന്ന് ജാഥക്കാർക്ക് മുദ്രാവാക്യം വിളിച്ചു കൊടുത്തിരുന്ന മുക്കം ഭാസിക്ക് ഇന്നും നല്ല ഓർമ്മ. ലോകരെല്ലാം പാടിപ്പുകഴ്ത്തുന്ന മഹാഭാരത യുദ്ധത്തിൽ പോലും ധർമ്മത്തിനു നിരക്കാത്ത എത്രയെത്ര സംഭവങ്ങൾ ഇരു പക്ഷത്ത് നിന്നുമുണ്ടായി ?.
കൗരവപക്ഷത്താണ് കൂടുതലെങ്കിലും പാണ്ഡവപക്ഷത്തും കുറവായിരുന്നില്ലല്ലൊ. സത്യം മാത്രം പറയുന്ന യുധിഷ്ഠിരനെ കൊണ്ട് അശ്വത്ഥാമാ ഹത കുഞ്ജര എന്നു പറയിച്ചാണ് ദ്രോണാചാര്യരെ വധിച്ചത്. ഗദാ യുദ്ധത്തിൽ ദുര്യോധനന്റെ തുടയ്ക്ക് അടിച്ചതും ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരെ വീഴ്ത്തിയതുമെല്ലാം ധർമ്മത്തിനു നിരക്കുന്ന പ്രവൃത്തി ആയിരുന്നില്ലല്ലൊ. മറുപക്ഷത്തുള്ളവർ ചെയ്തതെല്ലാം അധർമ്മം, പാതകം, ചതി. ഭഗവാൻ കൃഷ്ണൻ തന്നെ പാർത്ഥനെ ഉപദേശിക്കുന്നത് അധർമ്മികളെ ധർമ്മം കൊണ്ടു മാത്രം നേരിടാൻ കഴിഞ്ഞെന്നു വരില്ലെന്നാണ്. ധർമ്മം രക്ഷിക്കാൻ അധർമ്മവും ആവാമെന്ന്. ഈ തത്വം തിരഞ്ഞെടുപ്പുകൾക്കും ബാധകമല്ലേ എന്നാണ് മുക്കം ഭാസിയുടെ ചോദ്യം.